ഇക്കോ വില്ലേജ് ഒരു ആമുഖം
നമ്മുടെ ജീവിതം നമ്മുടെ പിടിയില്‍ ഒതുങ്ങാതെ പോകുന്നത് നിങ്ങള്‍ അറിയുന്നില്ലേ?
നമ്മുടെ ജീവിത പശ്ചാതലത്തെ ഒന്ന് നോക്കൂ.
കാലാവസ്ഥ അനുദിനം വഷളാകുകയാണ്.
എന്തൊക്കെ അസുഖങ്ങള്‍ എപ്പോഴൊക്കെയാണ് പൊട്ടിപ്പുറപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല.
ചുറ്റിലും പണം ഉണ്ടായിട്ടും വേണ്ടയിടത്തു പണം കിട്ടാതെ പോകുന്നു. വെള്ളവും അങ്ങനെ തന്നെ.
മനുഷ്യര്‍ ഒരുപാട് പെരുകി എങ്കിലും ഹൃദയമുള്ള ബന്ധുക്കളെ കാണാന്‍ അല്പം പരിശ്രമിക്കേണ്ടി വരുന്നു.
പേരിന്റെ അവസാനം ബിരുദങ്ങള്‍ കുറെ ഉണ്ടായിട്ടും ജീവിതത്തെ പറ്റി ഒന്നും അറിയാത്ത ഒരു അറിവാണ് നമുക്ക് ഉള്ളതെന്ന് നമുക്ക് രഹസ്യമായി എങ്കിലും അറിയാം.
ഏതു ഭക്ഷണമാണ് വിശ്വസിച്ചു കഴിക്കുക എന്നും ആരേയൊക്കെയാണ് വിശ്വസിക്കുക എന്നുപോലും അറിയാത്ത അവസ്ഥയില്‍ എല്ലാ വിധ സുരക്ഷകളുടെയും മേല്‍ നമുക്ക് ആശങ്കകള്‍ നിത്യേന കൂടിക്കൂടി വരുന്നു.
ഈ ലോകത്ത് നമുക്ക്, നമ്മുടെ ഭാവി തലമുറയ്ക്ക് സമാധാനത്തോടെ നില നില്ക്കുവാന് കഴിയുമോ എന്ന് ഇടയ്ക്കെങ്കിലും നം ആലോചിച്ചു പോകാറുണ്ട് ..
ഓ പിന്നെ, ഇത് എന്റെ മാത്രം പ്രശ്നമല്ലല്ലോ, അപ്പോള്‍ ഉറപ്പായും ആരെങ്കിലും ഒക്കെ ഇതിനൊക്കെ ഒരു വഴി കാണും എന്ന് നാം സമാധാനിക്കും.
പക്ഷെ എന്താണ് ആ വഴി? സുരക്ഷയുടെ, സമാധാനത്തിന്റെ സമ്പത്തിന്റെ ആരോഗ്യത്തിന്റെ അറിവിന്റെ ആ ഒരു വഴി
ആരാണ് ആ വഴി ഉണ്ടാക്കുക, ആരാണ് ആ വഴി കണ്ടെത്തി നമ്മുടെ കയ്യില്‍ കൊണ്ട് തരുക..
നമുക്ക് വിശന്നാല്‍, നാം തന്നെയാണ് ഭക്ഷണം കഴിക്കേണ്ടത്, നമുക്ക് ഉറക്കം വന്നാല്‍ നാം തന്നെ ഉറങ്ങണം.. അതു പോലെ നമ്മുടെ ജീവിതത്തിന്റെ വെല്ലുവിളികള്‍ക്കുള്ള പരിഹാരവും നാം തന്നെയാണ് കാണേണ്ടത്. എന്നാല്‍ അത് ഒറ്റയ്ക്ക് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വാസ്തവം
അപ്പോള്‍ കൂട്ടായി തന്നെ ആ വഴി നാം തേടണം, വഴി വെട്ടി ഉണ്ടാക്കണം.
ഇത് ഒരു ഹിമാലയന്‍ വെല്ലു വിളി ആണെന്നു കരുതേണ്ടാ.. അങ്ങനെ ഒരു വഴി നമുക്ക് ചുറ്റും, ഉണ്ടായിരുന്നു. എല്ലാ നാട്ടിലും ഉള്ള പ്രാചീന ഗോത്ര വര്‍ഗങ്ങള്‍ ആ വഴിക്കു ആയിരുന്നു ജീവിച്ചു പോന്നിരുന്നത്.
സ്വന്തം ആയി വേണ്ടതെല്ലാം ഉണ്ടാക്കുവാന്‍ നമ്മുടെ പൂര്‍വികര്‍ക്ക് അറിയാമായിരുന്നു. ഭക്ഷണവും വീടും വസ്ത്രവും ഔഷധങ്ങളും സ്വന്തം ചുറ്റുപാടില്‍ നിന്നും നാം കണ്ടെത്തിയിരുന്നു.എന്റേത് എന്ന വേലി കെട്ടുന്നതിനു പകരം എല്ലാം നമ്മുടേത് എന്ന് ബോദ്ധ്യമുണ്ടായിരുന്നു. എല്ലാരും സുരക്ഷിതരായിരുന്നു.
എന്നാല്‍ ചില കാര്യങ്ങളില്‍ വിശാലമായി എല്ലാത്തിനേയും കോര്‍ത്തിണക്കി കാണാന്‍ അറിഞ്ഞിരുന്നില്ല എന്ന പരിമിതിയും അന്ന് നമുക്ക് ഉണ്ടായിരുന്നു. അത് കൊണ്ടാണ് എന്നൊക്കെയോ എപ്പോഴൊക്കെയോ ആരാലൊക്കെയോ നാം തിരുത്തപ്പെട്ടത്. ആ തിരുത്തലുകളില്‍ ബോധത്തെ ബുദ്ധി ഭരിച്ചു തുടങ്ങിയപ്പോള്‍ ചില തിരുത്തലുകള്‍ നമ്മുടെ പരിമിതികളെ മാത്രമല്ല ശേഷികളെയും തിരുത്തി. അങ്ങനെ പ്രകൃതിയുടെ സ്വാഭാവിക വഴികളില്‍ നിന്നും നാം മാറി സഞ്ചരിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്.
നാം എന്നത് എന്റെത് ആയി മാറിയപ്പോള്‍ കരുതലും സംരക്ഷണവും പങ്കാളിത്തവും വിട്ട് വേലി കെട്ടലും വളച്ചു കെട്ടലും വെട്ടിപ്പിടിക്കലും ഉണ്ടായി. എല്ലാം വാങ്ങാനും വില്‍ക്കാനും ഉള്ള ഉത്പന്നങ്ങള്‍ ആണെന്ന ധാരണ നമ്മില്‍ ഉണ്ടായി. കച്ചവടം ഉണ്ടായി, കച്ചവടക്കാര്‍, ബുദ്ധി മാത്രം ഉപയോഗിച്ച് കൊണ്ടുള്ള കച്ചവട തന്ത്രങ്ങള്‍ ഉണ്ടായി, കച്ചവടത്തിന്റെ കണ്ണിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും നാം കാണുവാന്‍ തുടങ്ങി. നില നില്ക്കുന്ന മണ്ണും വിണ്ണും വിഭവങ്ങളും എന്ന് വേണ്ട, നമ്മള് തന്നെയും കച്ചവട ചരക്കായി മാറി.
കച്ചവടക്കാര്‍ നമ്മളെ കച്ചവട രീതിയിലുള്ള പഠിപ്പും പത്രാസും പായ്ക്കറ്റു പരിഹാരങ്ങളും ആര്‍ത്തിയും തന്നു കണ്ണ് കെട്ടി വട്ടം തിരിച്ചു വിട്ടപ്പോള്‍ ചുരുക്കം ചിലരെങ്കിലും നേരെ നടക്കണം എന്ന് മനസ്സിലാക്കി അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ചിരുന്നു.
അവര്‍ കൂട്ടം കൂടി. ഒരുമിച്ചു നിന്നുകൊണ്ട് പരിഹാരങ്ങള്‍ തിരഞ്ഞു. കൈകോര്‍ത്ത് കൊണ്ട് പ്രകൃതിയിലേക്ക് തിരിഞ്ഞു. പ്രകൃതിയിലെ സമഗ്രമായ പരിഹാരങ്ങളെ കണ്ടറിഞ്ഞു പ്രയോഗിച്ചു തുടങ്ങി. നാട്ടിലും നഗരത്തിലും പഴമയിലും പുതുമയിലും, ചെറുതിലും വലുതിലും ജീവനുള്ളവയിലും യന്ത്രങ്ങളിലും വസ്തുവിലും വ്യവസ്ഥയിലും ഒക്കെ തന്നെ പ്രകൃതിയുടെ നിയമങ്ങള്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കി. എല്ലാം വേണ്ടയിടത്ത് വേണ്ട വിധം പ്രയോഗിക്കുന്നതാണ് സുസ്ഥിതി എന്ന പ്രകൃതി പാഠത്തെ അവര്‍ ഉള്‍ക്കൊണ്ടു കൊണ്ട് പ്രയോഗിച്ചു. വീഴാതെ ഉലയാതെ ജീവിക്കുവാനുള്ള ഒരു പുതിയ കൂട്ടായ വഴി അങ്ങനെ അവര്‍ കണ്ടെത്തി.
ഈ കണ്ടെത്തല്‍ ഒരിടത്തല്ല, ലോകത്തിന്റെ പലയിടങ്ങളില്‍ പല അളവില്‍, പല രൂപത്തില്‍ പല പേരില്‍ ഏതാണ്ട് ഒരേ സമയത്ത് ഉണ്ടായി വന്നു. കാരണം, അത് പ്രകൃതിയുടെ തന്നെ ആവശ്യമായിരുന്നു.
ഉണ്ടായി വന്ന കണ്ടെത്തലുകളും പ്രായോഗിക പരിഹാരങ്ങളും പലതെങ്കിലും എല്ലാം ഒരേ വഴിയായിരുന്നു. കൂട്ടുജീവിതത്തിന്റെ വഴി.. കൂട്ടുകൃഷിയുടെ വഴി. കൂട്ടു ഉത്തരവാദിത്തത്തിന്റെ വഴി, കൂട്ടായ സുരക്ഷയുടെ വഴി.. പ്രവര്‍ത്തനങ്ങളും ജീവിതവും കൊണ്ട് ചെറിയ അതിരുകളില്‍ ചെറുതായി ജീവിക്കുകയും അങ്ങനെ വലുതായ ഒരു ലോക ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമാണെന്നു സ്വയമുണരുകയും ചെയ്യുന്ന പുതിയ കാലത്തെ ഗോത്ര വഴി.
അങ്ങനെ ലോകം ആ ഒരേ വഴിക്ക് നീങ്ങി തുടങ്ങിയിട്ടു അര നൂറ്റാണ്ടെങ്കിലും ആയി.. അങ്ങനെ നേരായ വഴിക്ക് നടന്നു തുടങ്ങിയ പുതിയ കാലത്തെ ഗോത്രങ്ങള്‍ ആണ് ഇന്റെന്‍ഷനല്‍ അഥവാ ഉദ്ദേശ്യ പൂര്‍ണമായ ആയ സസ്റ്റൈനബിള്‍ കമ്യൂണിറ്റികളും ഇക്കോ വില്ലേജുകളും.
ഇങ്ങനെയുള്ള സസ്റ്റൈനബിള്‍ കമ്യൂണിറ്റികള്‍ അഥവാ സുസ്ഥിര ജീവന സമൂഹങ്ങളുടെ ആഗോള കൂടായ്മയായ ഗ്ലോബല്‍ ഇക്കോ വില്ലേജ് നെറ്റ് വര്‍ക് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് വീഡിയോയുടെ പരിഭാഷ നാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ? ഇല്ലെങ്കില്‍ ലിങ്ക് ഇവിടെ ചേര്‍ക്കുന്നുണ്ട്. കാണുക.
ഭാരതത്തില്‍
ഇവിടെ ഭാരതത്തിലും GENന്റെ ഭാഗമായുള്ള ഇക്കോവില്ലെജുകള് ഉണ്ട്. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്യൂണിറ്റി വില്ലേജായ ഓറോവില്‍ ഭാരതത്തിലെ പോണ്ടിച്ചേരിയിലാണ് സ്ഥിതി ചെയ്യുന്നത്. ഓറോവില്‍ ഫൌണ്ടേഷനും ഭാരത ഗവര്‍മെന്റും ചേര്‍ന്നാണ് ഇരുപതിലധികം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ കമ്യൂണിറ്റികളുടെ കമ്യൂണിറ്റി നടത്തി വരുന്നത്. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുമായി മൂവായിരത്തോളം സ്ഥിര അംഗങ്ങള്‍ പ്രഭാതത്തിന്റെ നഗരം എന്ന് അര്‍ത്ഥം വരുന്ന ഈ ഇക്കോ നഗരത്തില്‍ ഉണ്ട്. അത് കൂടാതെ 25000ലധികം വോലന്റീര്‍ മാരും ഈ ഇക്കോ വില്ലേജിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നു.
കേരളത്തില്‍
കേരളത്തിലും ഇക്കോ വില്ലേജ് ആശയത്തിന് വേരുകളുണ്ട്. ശ്രീ പങ്കജാക്ഷക്കുറുപ്പു സ്ഥാപിച്ച അമ്പലപ്പുഴയിലെ ദര്‍ശനം കൂട്ടായ്മയും ശ്രീ ജോന്‍സി ജേക്കബ് തുടക്കമിട്ട ആംഖും മൈനയും പ്രതിഷ്ടാനവും ആശയങ്ങള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ മണ്ണോരുക്കി. ഇക്കോ വില്ലേജിന്റെ പൂര്‍ണ പദവി നേടിയിട്ടില്ലെങ്കിലും അടപ്പാടിയില്‍ ശ്രീ ഗോപാലകൃഷ്ണന് മാഷും വിജയലക്ഷ്മി റ്റീച്ചറും സ്ഥാപിച്ച ബദല്‍ വിദ്യാപീഠം സാരംഗും വയനാട്ടില്‍ ബേബി മാഷ് സ്ഥാപിച്ച കനവും ഇടുക്കിയില്‍ ശ്രീ രേഖ വെള്ളത്തൂവല്‍ സ്നേഹ ദ്വീപും ഒക്കെ ഒരു സ്വാശ്രയ പാരസ്പര്യ ജീവിതത്തെ മലയാളിയ്ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചു കാണിച്ച സോദ്ദേശ്യ സംവിധാനങ്ങള്‍ ആണ്.
ഇവയ്ക്കിടയില്‍ GEN ന്റെ അംഗമായുള്ള ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് പദ്ധതി പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി എന്ന സ്ഥാപനം 1981 ല്‍ കുട്ടികളുടെ ശാസ്ത്ര സാംസ്കാരിക സംഘമായി ആരംഭിച്ചു. 1986 ല്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ കൂട്ട് ജീവിതത്തെയും സ്വാശ്രയ ജീവത്തെയും ഗ്രാമപദ്ധതിയെയും വിഭാവനം ചെയ്ത ഈ ചെറു സംഘത്തിന്റെ ജീവിതത്തെ ക്കുറിച്ചുള്ള സമഗ്രബോദ്ധ്യം ആണ് ഒളിമ്പസ് എന്ന ആഴ പ്രകൃതി ദര്‍ശനം ആയി തൊണ്ണൂറു കളില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ഒളിമ്പസ്സിന്റെ പഠന പ്രചാരണാര്‍ത്ഥം ആണ് 1994 ല്‍ കേരളത്തിലെ ആദ്യ ഇക്കോ കമ്യൂണ്‍ ആരംഭിക്കുന്നതു. ഇന്ന് ഈ കമ്യൂണിറ്റി നവഗോത്ര സമൂഹം എന്ന് അറിയപ്പെടുന്നു. ഇടക്കാലത്ത് പഠന ഗവേഷണങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയ ഈ കമ്യൂണ്‍ ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കേരളത്തിലെ ആദ്യ ഇക്കൊസഫിക്കല്‍ പഠന കേന്ദ്രം ആയ നവഗോത്ര ഗുരുകുലം ആരംഭിച്ചു. തുടര്‍ന്ന് കേരളമെമ്പാടും പ്രകൃതി ആത്മീയത, പ്രകൃതി മനശാസ്ത്രം എന്നിവയില്‍ ഊന്നി കൊണ്ടുള്ള സഹവാസങ്ങളും സത്സംഗങ്ങളും സംഘടിപ്പിച്ചു പോരുന്നു. ഭാരതത്തിലെ ഒരേയൊരു ഡീപ് ഇക്കൊളജിക്കല്‍ ഫെലോഷിപ്പ് കൂടി ആണ് ഈ മുന്നേറ്റം.
ഇപ്പോള്‍ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പാടൂര്‍ പുഴയോരത്താണ് ഗ്രീന്‍ക്രോസ് ഫൌണ്ടേഷന് കേരളത്തിലെ ആദ്യ സോദ്ദേശ്യ ഇക്കോ വില്ലേജിന്റെ പൈലറ്റ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സുസ്ഥിരത ലക്ഷ്യമാക്കുന്ന സോദ്ദേശ്യ ഇക്കോ വില്ലേജുകളെക്കാള്‍ ഇതിനുള്ള പ്രത്യേകത, ഇവിടെ ജീവിത വിഷയങ്ങളെ സമഗ്രമായി കാണുവാന്‍ സഹായിക്കുന്ന ഒരു ദര്‍ശനവും അതിന്റെ പ്രായോഗിക തലവും ഉണ്ടെന്നതാണ്. ഇവയുടെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ആയി ലോകത്തെ ആദ്യ ഇക്കോസഫിക്കല്‍ സര്‍വകലാ ശാലയും ഈ ഗ്രാമത്തിന്റെ ഭാഗമായി ആരംഭിക്കുകയാണ്.
ഒളിമ്പസ് ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഈ പ്രായോഗികപദ്ധതി നിര്‍വഹിക്കുന്നത് നവഗോത്ര സുസ്ഥിര ജീവന സമൂഹത്തിന്റെയും ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെയും ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന് സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജിയുടേയും സൌയുക്ത ആഭിമുഖ്യത്തില്‍ ആണ്. പൂര്‍ണമായും ധന ലാഭേച്ഛ ഇല്ലാതെ ഭൂമിമാതാവിന്റെയും അവളുടെ മക്കളുടെയും ശാന്ത സൌഖ്യത്തിനു വേണ്ടി നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഈ പദ്ധതി സമൂഹത്തിലെ എല്ലാ തുറയിലെ ആളുകളുടെയും മനോ കായിക സന്നദ്ധസേവനങ്ങള്‍ കൊണ്ടും ധനപരമായ പിന്താങ്ങലും കൊണ്ടുമാണ് ധന്യമാകുന്നത്.
ഇത് നിങ്ങളുടെയും ആവശ്യമാണെന്ന് ബോദ്ധ്യമായി തുടങ്ങുമ്പോള്‍, സന്നദ്ധ സേവനം ചെയ്യുവാനും, ധന പരമായി പിന്താങ്ങുവാനും നമ്മളില്‍ ഒരാളാവാനും കുടുംബത്തേയും കൂടുകാരേയും കൂട്ടി ഞങ്ങളോട് കൈ കോര്‍ക്കണമെന്ന് താങ്കളോട് ഹൃദയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു.
ഓര്‍ക്കുക, നമുക്കു നാം തന്നെയാണ് തുണയും പരിഹാരവും വഴിയും.
ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്നു.
സ്വാഗതം..
Leave a Reply
You must be logged in to post a comment.