കർമ്മ തലങ്ങൾ കർമ്മ ഫലങ്ങൾ
കേവല കര്‍മ തലങ്ങളും ഫലങ്ങളും.
ഒരു സത്തയുടെ രൂപീകരണത്തിന് കാരകമായ അതിന്റെ ഉപരിവ്യവസ്ഥ കല്പിക്കുന്ന ധര്‍മങ്ങളെ നിര്‍വഹിക്കുന്നതാണ് യഥാര്‍ത്ഥ കര്‍മം. അതായതു, ഒരു സത്തയുടെ ധര്‍മത്തിന്‍റെ നിര്‍വഹണമാണ് കര്‍മം. അവിടെ ധര്‍മവും കര്‍മവും ഒന്നായിരിക്കണം. എന്നാല്‍ മനുഷ്യന്‍ അവന്‍റെ യുക്തി പ്രയോഗത്തിലൂടെയും, ശിക്ഷിതാവബോധത്തിലൂടെയും യഥാര്‍ത്ഥ ധര്‍മങ്ങളില്‍ നിന്നും വ്യതിചലിക്കുക പതിവാണ്. അങ്ങനെ ധര്‍മത്തില്‍ നിന്നും മാറിയുള്ള കര്‍മം അവന്‍റെ ചുറ്റുമുള്ള പ്രകൃതിയില്‍ ആഘാതങ്ങളും പ്രക്ഷുബ്ധതയും ഉളവാക്കും. അവ പ്രതിഫലിച്ചു പ്രതികര്‍മങ്ങളായി തിരികെ ആ സത്തയിലേക്കു വരുന്നതിനെയാണ് കര്‍മഫലങ്ങള്‍ എന്ന് പറയുന്നത്. ധര്‍മം തന്നെയാകുന്ന കര്‍മത്തിനു പ്രക്ഷുബ്ധതയില്ലാത്തതിനാല്‍ കര്‍മഫലം എന്നതു അവിടെ പ്രത്യക്ഷമാകില്ല. അത് പ്രകൃതിയുടെ സഹജമായ നന്മയായി നിലകൊള്ളും.
ചിന്തയെന്ന കര്‍മ തലം.
ചിന്തയിലാണ് കര്‍മത്തിന്‍റെ തുടക്കം. അതിനാല്‍ ചിന്തയേയും ഒരു കര്‍മമായി കാണണം. ചിന്ത ഊര്‍ജത്തിന്റെ ഗതി വിന്യാസമാണ്. അത് പ്രകൃതിയിലേക്ക് ഊര്‍ജ തരംഗങ്ങളെ പ്രവഹിപ്പിച്ചു പ്രതിഫലിപ്പിക്കും. ശുഭ ചിന്തകള്‍ ശുഭ തരംഗങ്ങളേയും അശുഭ ചിന്തകള്‍ അശുഭ തരംഗങ്ങളേയും ഉളവാക്കും. അത് ആകാശ മണ്ഡലത്തില്‍ (ഹോളോഗ്രാഫിക് മണ്ഡലം) പ്രതിഫലനങ്ങളായി തിരികെ വരും. ആകര്‍ഷണ നിയമം അനുസരിച്ചു നല്ല വിചാരങ്ങള്‍ നന്മയെയും ദൂഷ്യ വിചാരങ്ങള്‍ (വിദ്വേഷം, വെറുപ്പ്, ദേക്ഷ്യം എന്നിവ) അതേ ദൂഷ്യ ഫലത്തെയും ആകര്‍ഷിക്കും. ഇതാണ് കര്‍മ പ്രതി കര്‍മങ്ങളുടെ അടുത്ത തലം.
സാമൂഹിക കര്‍മ തലം.
വ്യക്തിഗത കര്‍മങ്ങള്‍ പോലെ തന്നെ നാം പൊതുവായ സാമൂഹിക കര്‍മങ്ങള്‍ കൂടി ചെയ്യാറുണ്ട്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയായതിനാല്‍ അവന്‍റെ ഓരോ പൊതു കര്‍മങ്ങളും സമൂഹത്തിന്റെ പൊതുവായ ജീവിതത്തെ ബാധിക്കുന്നുണ്ട്. മലിനീകരണം, വനവല്കരണം, സംസ്കാരിക മൂല്യ തകര്‍ച്ച, അഴിമതി, കൂട്ടായ നല്ല പ്രവര്‍ത്തനം എന്നിവയൊക്കെ ഉദാഹരണങ്ങള്‍ ആണ്. ആ കര്‍മത്തിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തെ പൊതുവായാണ് ബാധിക്കുക. അങ്ങനെ വരുമ്പോള്‍ ആ കര്‍മത്തെ ചെയ്യാത്തവര്‍ക്കും, അതിനെ അനുകൂലിക്കാത്തവര്‍ക്കു പോലും ആ കര്‍മ ഫലം ലഭ്യമായിരിക്കും. മനസ്സാ വാചാ കര്‍മണാ ഭാഗമല്ലാത്ത കാര്യങ്ങള്‍ക്കു പോലും, നല്ലതു മാത്രം ചിന്തിക്കുന്നവര്‍ ദോഷമായ കര്‍മ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ വൈരുദ്ധ്യത്താലാണ് പലര്‍ക്കും ഈ കര്‍മ ഫലമെന്നത് മനസ്സിലാകാത്തതും അതിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും. സാമൂഹിക ജീവിയായ മനുഷ്യന് തനിയെ ഒരു അസ്തിത്വം ഇല്ല എന്നത് തന്നെയാണ് സാമൂഹിക കര്‍മ ഫലത്തിന് കാരണം.
പൂര്‍വ ജന്മ കര്‍മ തലം.
കര്‍മത്തിന്‍റെ അടുത്ത തലമാണ് പൂര്‍വ ജന്മകര്‍മങ്ങള്‍ എന്നറിയപ്പെടുന്നത്. എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു തലമാണിത്. പൂര്‍വജന്മം എന്നത് പുനര്‍ജ്ജന്മം എന്ന ഒരു സിദ്ധാന്തത്തെ പിന്താങ്ങുന്നതായി കാണാം. എന്നാല്‍ പൂര്‍വജന്മം എന്നത് പൂര്‍വികന്മാരുടെ ജന്മമാണ്. നമ്മുടെ പല കര്‍മങ്ങളും നമ്മുടെ രീതികളും സ്മൃതികളായി നമ്മുടെ ശരീരം സൂക്ഷിക്കുന്നുണ്ട്. അത് അടുത്ത തലമുറകളുടെ ജനിതക ഘടനയിലും സവിശേഷതകളും അനന്യതകളും കൊണ്ടു വരും. അങ്ങനെ പൂര്‍വികര്‍ തുടര്‍ച്ചയായി ചെയ്തു വന്ന കര്‍മങ്ങളുടെ വിന്യാസങ്ങള്‍ തലമുറകളുടെ കര്‍മ ബാദ്ധ്യതകളായി വെളിപ്പെടാം. പല ജനിതക രോഗങ്ങളും ജീവിത വിന്യാസങ്ങളും അങ്ങിനെയാണ് കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്നത്. ഇതിനുള്ള പരിഹാരങ്ങള്‍, മുന്‍കര്‍മങ്ങളായി ചെയ്താല്‍ അതിനെ കുറേയൊക്കെ തരണം ചെയ്യാവുന്നതാണ്. ഇത് തത്വ ചിന്തയിലൂന്നിയ ഒരു വലിയ വിഷയമാണ്. സത്സംഗം, സേവനം, സാധന എന്നിവയിലൂടെ പൂര്‍വ ജന്മ കര്‍മ ബാദ്ധ്യതകളെ പരമാവധി ലഘൂകരിക്കുവാന്‍ കഴിയും.
സര്‍വ പരതയിലൂടെയുള്ള കര്‍മ ലഘൂകരണം.
കേവല കര്‍മ തലം, ചിന്താ കര്‍മ തലം, സാമൂഹിക കര്‍മ തലം, പൂര്‍വ ജന്മ കര്‍മ തലം ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് മനുഷ്യ കുലത്തിന്‍റെ പരസ്പരാശ്രയത്വത്തിന്റെ പ്രാധാന്യത്തിലേക്കാണ്. പരസ്പരം ഇഴ ചേര്‍ന്ന് നില്‍ക്കേണ്ടതും ഏക താളത്തില്‍ ചരിക്കേണ്ടതുമായ ഒരു സമാജം, ആശയങ്ങളും മനോ വ്യവഹാരങ്ങളും യുക്തികളും സങ്കേതങ്ങളും ഉപയോഗിച്ച് വിവിധങ്ങളായി നിന്ന് കൊണ്ട് അനാവശ്യവും വിരുദ്ധങ്ങളും ആയ വിവിധ ജീവിത നിര്‍ദ്ധരണികള്‍ പുലര്‍ത്തുന്നതിലൂടെയാണ് ഏറിയ കര്‍മാധിക്യങ്ങളും ഉണ്ടാകുന്നത്. വ്യക്തി പരതയിലൂന്നിയ ജീവിത സങ്കേതങ്ങളും ശൈലികളും ഉളവാക്കുന്ന കര്‍മ ഫല ആഘാതങ്ങള്‍ മനുഷ്യ കുലത്തെ മുഴുവനായും ബാധിക്കുന്നു. അതു പോലെ തന്നെ നമുക്ക് ലഭിച്ച ഈ ജന്മത്തില്‍ നാം ഉളവാക്കിയ പ്രക്ഷുബ്ധതകള്‍ വരും തലമുറയ്ക്ക് കൂടി പകര്‍ന്നു കൊടുക്കുവാന്‍ കാരണമായേക്കാം. പരസ്പര പങ്കിടലും കരുതലും ഇല്ലാതെ മനുഷ്യ കുലം വംശ നാശത്തിലേക്കു നയിക്കപ്പെടും എന്ന് പറയുന്നതും ഇത് കൊണ്ടാണ്. ആ കര്‍മ ഫലത്തെയാണ് കൂട്ടായ മുന്‍കര്‍മത്തിലൂടെ ലഘൂകരിക്കുവാന്‍ ഒളിമ്പസ്സ് ദര്‍ശനം നമ്മെ പ്രാപ്തമാക്കുന്നത്.
Leave a Reply
You must be logged in to post a comment.