വ്യക്തിപരതയും സർവപരതയും.
വ്യക്തിപരതയും സർവപരതയും.
സത്താ (entity) രൂപീകരണം ഒരു കേവല സത്തയായിട്ടല്ല, എല്ലാത്തിനും അതിന്റെതായ വ്യക്തിത്വവും നൽകിയിട്ടുണ്ട്. ആ വ്യതിരിക്തതയാണ് അഹം എന്ന ബോധം അഥവാ അഹംബോധം. വ്യത്യസ്തങ്ങളായ ധർമ്മ രൂപീകരണത്തിനാവശ്യമായ സ്വഭാവ വിശേഷങ്ങൾ പ്രകടമാക്കുന്ന കഴിവ്. എന്നാൽ ആ സത്തക്ക് താൻ, പ്രകൃതിയെന്ന മഹാസത്തയുടെ ഒരു ഭാഗമാണെന്നും അതിനോട് ചേർന്ന് നിന്ന് മാത്രമേ പ്രവത്തിക്കാവൂ എന്ന ബോധമാണ് സർവപരത. ഞാൻ എന്ന ഭാവത്തിൽ നിന്നും, നാം എന്ന ഭാവം. പ്രകൃതിയിലെ അവന്റെ സ്ഥാനം അവിഭാജ്യമാണെന്നും മറ്റെല്ലാ സത്തകളുടെയും അസ്തിത്വം അവനോടൊപ്പം തുല്യ പ്രാധാന്യമര്ഹിക്കുന്നതും ആണെന്നുമുള്ള ബോദ്ധ്യം. എന്നാൽ അതിനായി സ്വയംത്യാഗം ചെയ്തു, സ്വന്തം നിലനില്പിനെ ഇല്ലാതാക്കുന്ന രീതിയിൽ വേണ്ട താനും. ആ സത്ത നിലനിൽക്കണം എന്നത് ആ ധർമ്മ നിർവഹണത്തിന് ആവശ്യവുമാണ്.
ആധുനിക വിദ്യാഭ്യാസവും ഭൗതികതയും, മനുഷ്യന്റെ യുക്തിയെ അതിനെതിരായി പഠിപ്പിച്ചു അവന്റെ നൈസർഗികമായ താളബോധത്തിലെ ചോദനകളെക്കൂടി അടിച്ചമർത്തി സ്വാർത്ഥനാക്കി, വ്യക്തിപരതയിലൂന്നിയ ഒരു സംസ്കാരത്തെ സൃഷ്ടിച്ചു അവന്റെ നിലനിൽപിന് തന്നെ അപകടകരമാകുന്ന നിലയിലായി. അവിടെ അവൻ ഒറ്റപ്പെടുന്നു. മത്സര ബുദ്ധിയിലൂടെ തന്റെ ആധിപത്യം സ്ഥാപിക്കാനാണ് അവന്റെ ഉദ്ദേശ്യം. മത്സരം അല്ല, സഹകരണമാണ് പ്രകൃതിയിൽ അന്തിമമായി വിജയിക്കുന്നതെന്ന യാഥാർഥ്യം, അവന്റെ ശിക്ഷിതാവബോധത്തിൽ കിട്ടിയ “survival of the fittest” എന്ന പ്രമാണം കാരണം അറിയപ്പെടാതെ പോകുന്നു. നിലനില്പിനെന്നു ധരിച്ച ആ വിശ്വാസപ്രമാണമാണ് അവനെ ഇന്ന് വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
വ്യക്തിപരതയുടെയും സർവപരതയുടെയും സന്നിവേശം തുലനതയിലായിരിക്കണം എന്ന ബോദ്ധ്യമാണ് ആവശ്യം. ഏതെങ്കിലും ഒന്ന് മാത്രമായാൽ പ്രകൃതിയുടെ ഉദ്ദേശം പൂർണമകയില്ല. പ്രക്ഷുബ്ധത നിലനിൽക്കും, സുസ്ഥിരത ഉണ്ടാകയില്ല.
Leave a Reply
You must be logged in to post a comment.