അറിവ് ; അറിയല്‍
അറിവ്
അറിവാണ് നമ്മുടെ ജീവിതത്തെ ശോഭനമാക്കുന്നത്. അറിയുന്തോറും നാം വളരുകയാണ് ചെയ്യുക. അതിനാല്‍ കൂടുതല്‍ കൂടുതല്‍ അറിയുക തന്നെ വേണം. എന്നാല്‍ അറിവുകള്‍ എല്ലാം ശുഭകരമാകണം എന്നില്ല. ശുഭകരമല്ലാത്ത അറിവാണ് നമ്മില്‍ ഉണ്ടാകുന്നതെങ്കില്‍ വളരുന്നതിന് പകരം തളരുകയോ പരിധിവിട്ടു തെറ്റി വളരുകയോ ആണ് ചെയ്യുക. അത് കൊണ്ട് ശരിയായി വേണം അറിയുവാന്‍.പക്ഷേ അറിവ് ഏന്നത് നമുക്ക് ഗുണകാരമായും,ദോഷകരമായും നമ്മുടെ മുന്‍പില്‍ ഏത്തി ചേരാറുണ്ട്. അതില്‍ നമുക്ക് ഗുണകരമായ ശരിയായ അറിവിനെ എങ്ങനെയാണ് തിരിച്ചറിയുക?
ആദ്യം അറിവ് എന്താണ് എന്ന് നോക്കാം.
നിങ്ങള്‍ ഒരു മേശയുടെ വക്കില്‍ കൈ വച്ച് കൊണ്ട് അല്‍പ നേരം ഇരുന്നുവെന്ന് സങ്കല്പിക്കുക. അല്പം കഴിഞ്ഞു അവിടെ നിന്നും കൈ മാറ്റുമ്പോള്‍ കയ്യില്‍ മേശയുടെ വക്കിന്റെ വടിവ് കാണുവാന്‍ കഴിയും. കയ്യെടുത്ത് അല്പം കഴിഞ്ഞു അത് പഴയ രീതിയിലേക്ക് മടങ്ങി വടിവ് കാണാതെയാകും. നിങ്ങള്‍ കൈ വച്ചപ്പോള്‍ മേശയുടെ വക്കിന് അനുസരിച്ചു നിങ്ങളുടെ കയ്യിലെ മാംസം പൊരുത്തമാകുകയായിരുന്നു. ഈ പൊരുത്തമാകലാണ് അഥവാ അനുരൂപപ്പെടലാണ് ജ്ഞാനമെന്നു പ്രാഥമികമായി മനസ്സിലാക്കാം. ഒന്നിന്‍റെ അവസ്ഥയോട് പൊരുത്തം അഥവാ അനുരൂപം ആകുന്ന അവസ്ഥയാണ് ജ്ഞാനം. ജ്ഞാനത്തിനു തന്നെ പല തലങ്ങളും ദിശകളും ഉണ്ട്. അവ എന്തെന്ന് ഒന്ന് ഓടിച്ചു നോക്കാം
ആദ്യ തലം അവബോധം
നമുക്ക് അകത്തേക്ക് പോകുന്ന ഭക്ഷണത്തോട് അനുരൂപപ്പെടുവാന്‍ പാകത്തില്‍ നമ്മില്‍ ഉള്ള നമ്മിലെ അവയവമാണ് വായ. ഇത് ഭക്ഷണത്തിനു വഴിയൊരുക്കുവാനായി രൂപപ്പെട്ടതാണ്. ഈ രൂപം ജനിക്കുമ്പോള്‍ കിട്ടുന്നതാണ്. സഹജമായി ഉള്ളതാണ്. ഇങ്ങനെ ജനിക്കുമ്പോള്‍ സഹജമായി കൈവന്നിട്ടുള്ള ഘടനയും അതിനു അനുസരിച്ചുള്ള ചോദനകളും ഒക്കെ ചേര്‍ന്നതാണ് സഹജാവബോധം എന്ന ജ്ഞാന തലം. ഏറ്റവും അകത്തുള്ള ജ്ഞാന അവസ്ഥയാണ് ഇത്. ഇത് തഥാവസ്ഥയായ അടിസ്ഥാന ജ്ഞാനമായതിനാല്‍ വിശിഷ്ട ജ്ഞാനം എന്ന് വിളിക്കുന്നു. കോശ തലത്തിലാണ് ഈ ജ്ഞാന തലം നില്‍ക്കുന്നത്. ഇത് പരിശീലനത്തിലൂടെ ലഭിക്കുന്നതല്ല.
രണ്ടാം തലം വഴക്കം
ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ മേശവക്കില്‍ കൈ വച്ചപ്പോള്‍ അനുരൂപപ്പെടുകയും കൈ എടുത്തപ്പോള്‍ പൂര്‍വ സ്ഥിതി ആകുകയും ചെയ്തുവല്ലോ? ഇത് താല്കാലികമാണ്. മേശയുടെ വക്ക് പോലെ ഉന്തി നില്‍ക്കുന്ന വസ്തുക്കളുടെ അരികിലെത്തുമ്പോള്‍ അവയുടെ തടിപ്പിനു അനുസരിച്ച് സ്വയം അനുരൂപപ്പെടുവാന്‍ ശരീരത്തിനു കഴിയും. ഈ ജ്ഞാന തലം ആണ് വഴക്കം. കായികാഭ്യാസികള്‍ക്കും നര്‍ത്തകര്‍ക്കും ഒക്കെ ഈ വഴക്കം കൂടുതല്‍ ആയിരിക്കും. ഉയരം കുറഞ്ഞ വാതില്‍ പടിയില്‍ കൂടി കടക്കുമ്പോള്‍ ആദ്യമൊക്കെ തല മുട്ടുമെങ്കിലും പിന്നെ പിന്നെ തല മുട്ടാതെ കടന്നു പോകുവാന്‍ കഴിയുന്നത് ഒക്കെ ഈ വഴക്കം എന്ന ജ്ഞാനാവസ്ഥ കൈ വരുമ്പോള്‍ ആണ്. കലകളുടെ തലത്തിലാണ് ഈ ജ്ഞാന തലം നില്‍ക്കുന്നത്. പരിശീലനം കൊണ്ട് അവബോധം ആക്കി തീര്‍ക്കുവാന്‍ കഴിയുന്നത് കൊണ്ട് ഈ അവസ്ഥയെ ശിക്ഷിത അവബോധം എന്നും വിളിക്കാറുണ്ട്. കായികമായുള്ള എല്ലാ പരിശീലനങ്ങളും ഈ ജ്ഞാന തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഈ രണ്ടു ജ്ഞാന തലങ്ങളും ഒരു വ്യക്തിയുടെ ശാരീരിക ശേഷിയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ ഇനി പറയുന്ന മൂന്നു അവസ്ഥകളാണ് നിത്യ ജീവിതത്തില്‍ നിരന്തരം മാനസികമായി ഉപയോഗിക്കുന്നത്.
മൂന്നാം തലം ധാരണ
ഈ വാതില്‍പ്പടിയെ മനസ്സിലായി. കുനിഞ്ഞില്ലെങ്കില്‍ തലമുട്ടും എന്ന് അനുഭവിച്ചു മനസ്സിലാക്കി. അതിനാല്‍ അത് പോലെ തല മുട്ടുന്ന ഏതു സാഹചര്യത്തിലും തല കുനിച്ചു പോകണം എന്ന ഒരു ഓര്‍മ നമ്മള്‍ കൊണ്ട് നടക്കാറുണ്ട്. ഈ ഓര്‍മയെ അണിഞ്ഞു നടക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഇതിനെ ധാരണ എന്നാണു പറയുക. ഓര്‍മ്മകള്‍ കൊണ്ട് അനുരൂപപ്പെടുന്ന അവസ്ഥ. സ്ഥിരമായി അണിഞ്ഞു നടക്കുന്ന ഓര്‍മ്മകള്‍ ആണ് ധാരണയുടെ അടിസ്ഥാനം. അവയവങ്ങളുടെ തലത്തിലാണ് ഈ ജ്ഞാന തലം നില്‍ക്കുന്നത്. നമ്മുടെ എല്ലാ സ്ഥിര വിശ്വാസങ്ങളും ധാരണയുടെ രൂപത്തിലാണ് നില കൊള്ളുന്നത്. നമ്മെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും ഈ വിശ്വാസ വ്യവസ്ഥയാണ്. ഈ വിശ്വാസ വ്യവസ്ഥയുടെ പ്രാഥമിക പ്രവര്‍ത്തന ശൈലി ഗര്‍ഭകാലത്തും ജനിച്ച ഉടനെയും ശൈശവത്തിലും രൂപപ്പെടുന്നു. ബാല്യത്തില്‍ അതിന്മേല്‍ വന്നു പെടുന്നവ കൂടി ചേര്‍ന്നാണ് ധാരണ പൂര്‍ണമാകുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വം തന്നെ ഈ ധാരണയെ അടിസ്ഥാനമാക്കിയാണ് ഉണ്ടാകുക. എട്ടു വയസ്സിനുള്ളില്‍ വളര്‍ച്ച പ്രാപിക്കുന്ന ധാരണയുടെ പശ്ചാത്തലം ആണ് വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുക. ഈ ധാരണയുടെ വിന്യാസത്തെയാണ് മെന്റല്‍ പാരഡൈം എന്ന് വിളിക്കുന്നത്.
നാലാം തലം ഭാവന
ഇത് വരെ ഒരു വാതില്‍ പടിയെ പറ്റി ഞാന്‍ പറഞ്ഞു. അപ്പോഴെല്ലാം നിങ്ങള്‍ ഒരു വാതില്‍ പടിയെ പറ്റി ഓര്‍ത്തു. മുന്നേ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു ഓര്‍മ ചിത്രത്തെ അടിസ്ഥാനമാക്കി ഞാന്‍ പറയുന്നതിന് അനുസരിച്ച് നിങ്ങള്‍ ഭാവന ചെയ്യുകയായിരുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയാവുന്ന ഒരു വാതിലിന്റെ ചിത്രത്തെ വച്ചു കൊണ്ട് ആയിരിക്കും നിങ്ങള്‍ ഭാവന ചെയ്തിരിക്കുക. മറ്റു ചിലപ്പോള്‍ വാതില്‍ എന്ന ആശയത്തെ വച്ച് ഒരു പുതുവാതില്‍ നിങ്ങള്‍ സങ്കല്പിച്ചിട്ടുണ്ടാകും. ഇവയില്‍ ഏതു വഴിയില്‍ ആണെങ്കിലും ഇല്ലാത്ത ഒന്നിനെയാണ് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നത്. അങ്ങനെ സങ്കല്പിച്ചു കൊണ്ട് അനുരൂപപ്പെടുവാനുള്ള ശേഷിയാണ് ഭാവന എന്ന ജ്ഞാന തലം. ശരീര തലത്തിലാണ് ഈ ജ്ഞാന തലം നില്‍ക്കുന്നത്. . ഉദാഹരണങ്ങളോ ഓര്‍മയോ ഇല്ലാതെ ഭാവന ചെയ്യുവാന്‍ ഉള്ള ശേഷി ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ഈ ഭാവനയുടെ തുടര്‍ച്ചയായ ഉപയോഗം അതിനെ ക്രമമായി തഴക്കമായും അവബോധമായും അത് പ്രകൃതിയിലെ ഒരു യാഥാര്‍ത്ഥ്യമായും മാറ്റും എന്നതും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
അഞ്ചാം തലം പ്രേരണ.
ഇത്ര നേരം ഞാന്‍ സംസാരിച്ചത് നിങ്ങള്ക്ക് പരിചയമുള്ള കുറച്ചു കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ്. ഞാന്‍ ഈ പറയുന്ന ഭാഷ നിങ്ങള്ക്ക് അറിയാം. ഞാന്‍ പറയുന്ന വാക്കുകള്‍ നിങ്ങള്ക്ക് അറിയാം. എനിക്ക് പറയുവാനുള്ള ചില കാര്യങ്ങള്‍ നിങ്ങള്ക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ കോര്‍ത്തിണക്കി നിങ്ങളിലേക്ക് പകരുവാന്‍ എനിക്ക് കുറച്ചൊക്കെ കഴിയുന്നുണ്ട്. അത് കൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും ഇത് കേട്ട് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഞാന്‍ പറയുന്ന ഭാഷയും അതില്‍ ഉള്ള പൊതുവായ പദങ്ങളും ആശയങ്ങളും ഒക്കെ ചേര്‍ന്ന് കൊണ്ടാണ് ഞാന്‍ നിങ്ങളിലേക്ക് ഈ ആശയം പ്രേരിപ്പിക്കുന്നത്. ഞാന്‍ പകരുന്ന മുഴുവനും നിങ്ങള്ക്ക് ഉള്‍കൊളളുവാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിലവില്‍ അറിയാവുന്നത്തിന്റെ കൂടെ കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുന്നത് മാത്രമേ നിങ്ങള്ക്ക് ബോദ്ധ്യമാകുകയുള്ളൂ. നിങ്ങള്ക്ക് അറിയാവുന്ന ബിംബങ്ങള്‍ ഞാന്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ പകരല്‍ സംഭവിക്കുകയുള്ളൂ. എന്നില്‍ ഉള്ള ആശയവും നിങ്ങളുടെ ഗ്രഹിക്കുവാനുള്ള ശേഷിയും തമ്മില്‍ അനുരൂപപ്പെടുന്ന ഈ ജ്ഞാന തലമാണ് പ്രേരം അഥവാ പ്രേരണ. വ്യക്തി തലത്തിലാണ് ഈ ജ്ഞാന തലം നില്‍ക്കുന്നത്. മുമ്പ് പറഞ്ഞ നാല് തലങ്ങളും ശരിയായ രീതിയില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയില്‍ ആണ് ഈ പ്രേരണാ തലം ശരിയായി പ്രവര്‍ത്തിക്കുക. സ്ഥിതി വിവരങ്ങളിലൂടെ അനുരൂപപ്പെടുന്ന ഈ ജ്ഞാനമാണ് അറിവ്.
അറിയല്‍
മേല്‍പ്പറഞ്ഞ അഞ്ചു തലങ്ങളിലൂടെ ആണ് അറിയല്‍ എന്ന പ്രക്രിയ അഥവാ Process of Cognition നടക്കുന്നത്. അതിന്റെ ഒഴുക്കിന് രണ്ടു ദിശയുണ്ട്. അകത്തു നിന്നും പുറത്തേക്കും പുറത്തുനിന്നും അകത്തേക്കും. പുറത്ത് നിന്നും അകത്തേക്ക് ഉള്ള ഒഴുക്കാണ് പൊതുവേ വിളിക്കപ്പെടുന്ന ജ്ഞാനം. അകത്തുനിന്നും പുറത്തേക്ക് ഉള്ള ഒഴുക്കാണ് പ്രകൃതിയുടെ വിശിഷ്ട ജ്ഞാനം എന്ന അര്‍ത്ഥത്തില്‍ വിജ്ഞാനം എന്ന് അറിയപ്പെടുന്നത്.. വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാതെ ഉള്ള ജ്ഞാനം അപൂര്‍ണമോ അപക്വമോ ആയിരിക്കും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, മേല്‍പ്പറഞ്ഞ ജ്ഞാന തലങ്ങളില്‍ പുറത്ത് നില്‍ക്കുന്ന അഞ്ചാം തലമായ പ്രേരത്തെ ആണ് കൈകാര്യം ചെയ്യുന്നത്. പുസ്തകം വായിച്ചോ ക്ലാസ്സുകള്‍ കേട്ടോ കൈ വരിക്കുന്ന ഈ ജ്ഞാനം തികച്ചും ഉപരിപ്ലവമാണ്. ഈ ജ്ഞാനം ശരിയായ ജ്ഞാനം ആകണമെങ്കില്‍ അവബോധവും വഴക്കവും ധാരണയും ഭാവനയും ശരിയായ വിധം ക്രമീകരിക്കപ്പെടണം. അതായത് വിജ്ഞാനത്തിന്റെ പിന്‍ബലമുണ്ടാകണം. ആയോധന കലകളും ധ്യാനവും മനനവും സ്മൃതികളും ഒക്കെയായി പഴയകാല ഗുരുകുലങ്ങളില്‍ ഇത്തരം സമഗ്രമായ അദ്ധ്യയനം നടന്നിരുന്നു. ആധുനിക വിദ്യാഭ്യാസം നമ്മിലെ ജ്ഞാനത്തെ കേവലം അറിവ് അഥവാ സ്ഥിതിവിവരം ആയി ചുരുക്കി.
ഇവിടെ ക്യൂലൈഫ് പകരുന്ന അനുഭവ പരിശീലനം നിങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ ജ്ഞാനത്തിലേക്കുള്ള വാതില്‍ ഇതാ തുറന്നിടുകയാണ്. ക്യൂലൈഫ് ഒരു അറിവല്ല, നിങ്ങളിലെ ശരിയായ അറിവിലേക്കുള്ള ഒരു സമഗ്രമായ വഴിയാണ്. കുറച്ചു വഴി യാത്രക്കാരും മുന്നേ നടന്നവരും ഒക്കെയുള്ള ഒരു വഴി. നിങ്ങള്‍ക്ക് ജ്ഞാന പ്രാപ്തിക്കുള്ള ശേഷിയും യോഗ്യതയും തെരഞ്ഞെടുപ്പും ഉണ്ടെങ്കില്‍ നിങ്ങള്‍ അവിടെ എത്തിച്ചേരുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലത്തിലേക്ക് സ്വാഗതം
Leave a Reply
You must be logged in to post a comment.