പരിസ്ഥിതി 1 : പ്രതിസന്ധികളും പരിഹാരങ്ങളും

പരിസ്ഥിതി 1 : പ്രതിസന്ധികളും പരിഹാരങ്ങളും

പരിസ്ഥിതി: അപചയങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും – ആഴപ്രകൃതി ശാസ്ത്ര വീക്ഷണം.

1. പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. ആഴപ്രകൃതി ശാസ്ത്രം പറയുന്നത് പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. എന്നാണ്. അവ തമ്മിൽ അലിഖിത നിയമങ്ങളാൽ ബന്ധിക്കപ്പെട്ടിടിക്കുന്നു എന്ന്. അവയുടെ തമ്മിലുള്ള ബന്ധത്തെ മനുഷ്യൻ ഇഴപിരിച്ചാണ് പഠിക്കാൻ ശ്രമിച്ചത്. യുക്തിയാധിക്യത്തിലുണ്ടായ ആ റീഡക്ഷനിസ്റ് സമീപനമാണ് മനുഷ്യനെ പ്രകൃതിയിൽ നിന്നും അകറ്റി സർവപരതയിൽ നിന്നും വ്യക്തിപരതയിലേക്കു നയിക്കാൻ പ്രേരിപിപ്പിച്ചത്.

2. പ്രകൃതിയിൽ അങ്ങനെ എല്ലാം വ്യവസ്ഥകളായി നിലകൊള്ളുന്നു. അവയിലെ ഏതു ഘടകത്തെയും വ്യതിചലിപ്പിക്കാൻ ശ്രമിച്ചാൽ അതിന്റെ ആഘാതം വ്യവസ്ഥയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കും എന്നത് വ്യവസ്ഥ നിയമം തന്നെയാണ്. അതിനാൽ ആണ് ഒരു സമഗ്ര വീക്ഷണത്തിലൂടല്ലാതെ പ്രകൃതിയെ നമുക്ക് മനസ്സിലാക്കാനോ, നിയന്ത്രിക്കാനോ കഴിയില്ല. നിയന്ത്രണം എന്ന പദം തന്നെ ഉപയോഗിക്കാൻ മനുഷ്യൻ അർഹനല്ല എന്നാണ് ശാസ്ത്രത്തിന്റെ ആഴത്തിലോട്ടു പോകുന്തോറും മനസ്സിലായിക്കൊണ്ടിരിക്കുന്നതു. ആ സമഗ്ര വ്യവസ്ഥയെ ആണ് അവന്റെ ധിക്കാരപൂർവമായ  യുക്തിയിലൂടെ മാറ്റിയെഴുതാൻ ശ്രമിച്ചത്. അതിന്റെ പരിണിത ഫലങ്ങളാണ് നാമിന്നു കാണുന്നത് എന്ന് വ്യക്തമായി.

3. പ്രകൃതിയിൽ ഒന്നും മാലിന്യങ്ങളല്ല. എല്ലാ പ്രക്രിയകളുടെയും ഔട്ട് പുട്ട് / ബൈപ്രോഡക്ട് അടുത്ത പ്രക്രിയയുടെ ഇൻ പുട്ട്  ആയ ചാക്രിയതയിലാണ് പ്രകുതി രൂപം കൊള്ളുന്നത് അഥവാ പ്രകടമാകുന്നത്. എന്നാൽ ഈ പ്രകൃതി നിയമങ്ങളെ ഒന്നും മനസ്സിലാക്കാനോ അവയെ  ഉപയോഗിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കനോ അവൻ ശ്രമിച്ചില്ല.

4. പ്രകൃതിയിൽ എല്ലാം അനായാസം രൂപം കൊള്ളുന്നു, പ്രകടമാകുന്നു. പ്രകൃതി  പിന്തുടരുന്ന ലീസ്റ് എഫ്‌ഫോർട് അഥവാ തത്വം മനസ്സിലാക്കിയാൽ  മനുഷ്യന്റെ ഊർജ്ജ ഉപഭോഗം എത്രമടങ്ങു അധികമാണെന്ന് മനസ്സിലാക്കാം.

5. പക്വതയിലെത്തിയ ഏതൊരു വ്യവസ്ഥക്കും ഒരു തുലനത ഉണ്ട്. അവയിലെ ഘടകങ്ങൾ തമ്മിൽ ഉള്ള ബന്ധം നില  നിർത്തുന്നത് അങ്ങനയാണ്. ആ തുലനത തെറ്റുന്പോഴൊക്കെ അതിനെ പുനഃസ്ഥാപിക്കാനുള്ള ശേഷിയും അതിനുണ്ട്. പോസിറ്റവും നെഗറ്റീവും ആയ ഘടകങ്ങൾ തമ്മിലുള്ള ഇടപെടലിന്റെ ആകെത്തുകയാണ് ആ തുലനത, അതാണ് അതിന്റെ ആരോഗ്യം. നെഗറ്റീവുകൾ എല്ലാ വ്യവസ്ഥയിലും ഉണ്ട്. ആരോഗ്യമുള്ള വ്യവസ്ഥയിൽ പോസിറ്റീവുകൾ നെഗറ്റീവുകളെ നിയന്ത്രിക്കുന്നു. നെഗറ്റീവുകൾ നിരന്തരം പോസിറ്റീവുകൾക്കു പുതിയ വെല്ലുവിളികൾ കൊടുത്തുകൊണ്ടിരിക്കും. ആ വ്യവസ്ഥയുടെ പ്രതിരോധ ശക്തി നിലനിർത്തുന്നതിൽ അവക്ക് നല്ല പങ്കുണ്ട്. ഈ വ്യവസ്ഥകളെ ആണ് മനുഷ്യൻ അവന്റെ പരിമിതമായ അറിവുകളാൽ നിയന്ത്രിക്കാൻ ശ്രമിച്ചത്. അങ്ങനെ അവന്റെ റീഡക്ഷനിസ്റ് ഇടപടൽ ആ നെഗറ്റീവ് ആയവയെ എല്ലാം ശത്രുക്കളായി പ്രഖ്യാപിച്ചു. രോഗാണു സിദ്ധാന്തം ഉണ്ടാക്കി. അതിനോട് യുദ്ധം ചെയ്യാൻ രാസക്കൂട്ടുകൾ ഉണ്ടാക്കി. എന്നാലത്. എലിയെ കൊള്ളാൻ ഇല്ലം ചുടുകയായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാക്കി തുടങ്ങിയത്. ഈ സിദ്ധാന്തങ്ങൾ അവൻ സ്വന്തം ശരീര ശാസ്ത്രത്തിലും പ്രകൃതിയിലും ഒരുപോലെ പ്രയോഗിച്ചു. അങ്ങനെ അവൻ  ആരോഗ്യമുള്ള രോഗത്തിന് പകരം അനാരോഗ്യകരമായ ജീവിത ശൈലി രോഗങ്ങളിലേക്കും ഓട്ടോഇമ്മ്യൂൺ പോലുള്ള സിസ്റ്റമിക് രോഗങ്ങളിലേക്കും എത്തി. അത് തന്നെ പ്രകൃതിയിലും കൃഷിഭൂമിയിലും സംഭവിച്ചു. അതെ, നമ്മുടെ മണ്ണിന്റെ വ്യവസ്ഥയെ രാസ യുദ്ധങ്ങളാൽ താറുമാറാക്കി. മണ്ണിന്റെ ആരോഗ്യം പൂർണമായും ഇല്ലാതായ ഇടങ്ങളിൽ തനതായ പുനഃസ്ഥാപന ശേഷി പോലും നഷ്ടപ്പെട്ടു നിൽക്കയാണ്.

6. ശാസ്ത്രം മുന്നോട്ടു വെച്ച രോഗാണു സിന്താന്തം ആണ് പ്രകൃതിയിലെ വ്യവസ്ഥകളെ താറുമാറാക്കിയത്.

ഇവിടെയാണ് ആഴപ്രകൃതി ശാസ്ത്രത്തിന്റെ പ്രസക്തി. പ്രകൃതിയിലെ വ്യവസ്ഥകളെയും അവയുടെ തുലനതയെയും അതിലെ പ്രതിരോധശക്തിയെയും അതിന്റെ പുനഃസ്ഥാപന ശേഷിയെയും പറ്റിയുള്ള പഠനത്തിന്റെ ആവശ്യകത. അനാവശ്യമെന്നും പാഴെന്നും തള്ളിക്കളഞ്ഞ ഘടകങ്ങളുടെ പ്രസക്തി. കളകളെ ഉന്മൂലനം ചെയ്തുണ്ടാക്കിയ വിനകൾ. രോഗാണു സിദ്ധാന്തം ഉന്മൂലനം ചെയ്ത മണ്ണിന്റെ വീര്യം നഷ്ടപെട്ട കഥ. ഇക്കോസിസ്റ്റം എന്ന കാഴ്ചപ്പാടിലുണ്ടായ വെളിച്ചപ്പാടുകൾ ഇന്ന് മനുഷ്യൻ അവനോടും പ്രകൃതിയോടും ചെയ്ത ക്രൂരതകൾ ചൂണ്ടികാണിക്കുന്നു. ഇക്കോളജി ഒരു സാന്പത്തിക ചൂഷണ മനോഭാവത്തോടു പ്രകൃതിയെ കണ്ടിരുന്നതിൽ നിന്നും ഡീപ് ഇക്കോളജി, നാം തന്നെ ആ ഡീപ് ഇക്കോസിസ്റ്റത്തിന്റെ ഒരു ഘടകമായി കാണാനും അവിടത്തെ നേരിയ കണ്ണികളെ മുറിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ മനസ്സിലാക്കാനും സഹായിക്കുന്നു.

രോഗാണുക്കൾ എന്ന പദം പുനർവ്യാഖ്യാനിക്കാനും അണുക്കളുടെ ലോകത്തെ മനസ്സിലാക്കാനും നമ്മുടെ ശരീരത്തിലെ മൊത്തം കോശങ്ങളുടെ 90 % ഉം ബാക്റ്റീരിയകളും ഫുങ്ക്‌സുകളും വൈറസുകളും അടങ്ങിയ അണു സമൂഹമാണെന്നുള്ള ഒറ്റ കണ്ടുപിടിത്തത്തിലൂടെ കഴിഞ്ഞു. അതിലും ഉപരിയായി ഈ സമൂഹത്തിൽ പോസിറ്റീവ്വും നെഗറ്റീവും ആയ അണുക്കൾ ഒരേസമയം നിലനിൽക്കുന്നു എന്നും, നെഗറ്റീവ് അണുക്കൾക്കും  അവയുടേതായ സകാരാത്മകമായ ധർമം ഉണ്ടെന്നുമുള്ള സത്യം മനസ്സിലാക്കുന്നതോടെ അവന്റെ ധാർഷ്ട്യം വിനയമാകുന്നു. എന്നാൽ 1980 ൽ മനസ്സിലാക്കാൻ തുടങ്ങിയ ഈ അവസ്ഥ, ഇന്നതിന്റെ പാരമ്യത്തിലെത്തിയിട്ടും ആധുനിക മെഡിക്കൽ ശാസ്ത്രത്ത്തിന്റെ പരിചാരകർക്കു ബോധവൽക്കരണം നടന്നിട്ടില്ല. അറിഞ്ഞവർ പോലും അത് പ്രാവർത്തികമാക്കാൻ കൂട്ടാക്കുന്നില്ല. കാരണം അവരുടെ ശാസ്‌ത്ര  രീതികളെല്ലാം അണുവിരുദ്ധമാണ്. അത് തിരുത്തിയെഴുതാൻ ആരും ധൈര്യപ്പെടുന്നില്ല. കാരണം അത് മേഡേൺ മെഡിക്കൽ സിസ്റ്റത്തിന്റെ നിലനില്പിനു് തന്നെ ചോദ്യ ചിഹ്നമാകുകയാണ്.

7. അങ്ങനെ ആ ഡീപ് ഇക്കോസിസ്റ്റം മനസ്സിലാക്കി അതിലെ നൂലാമാലകളെ പുനഃസ്ഥാപിക്കാനുള്ള മനുഷ്യന്റെ ശ്രമമാണ് സുസ്ഥിരകൃഷി അഥവാ permaculture. മോഡേൺ സയന്റിഫിക് അഗ്രിക്കൾച്ചർ അധഃപതനത്തിലേക്കു നയിച്ച് എന്നു  മനസ്സിലാക്കിയപ്പോൾ അതിനു പരിഹാരമായി ഓര്ഗാനിക് അഗ്രിക്കൾച്ചർ മുന്നോട്ടു വന്നു. അവിടെ മുന്നേ അബദ്ധം മനസ്സിലാക്കിയ അതേ മോഡേൺ അഗ്രികൽച്ചർ കമ്പനികൾ ഓർഗാനിക് മേഖലയെയും കൈയടക്കി. വീണ്ടും പ്രകൃതിയുടെ ആഴശാസ്ത്രത്തെ മനസ്സിലാക്കാതെ അവർ ഉപഭോഗ സംസ്കാരത്തിന്റെ പഴയവഴിയിലൂടെ തന്നെ മുന്നോട്ടു തുടരുന്നതിനാൽ അവിടെയും പ്രകൃതി അനാദരിക്കപ്പെടുന്നു. സുസ്ഥിര വഴി തടസ്സപ്പെടുന്നു. പ്രാദേശികമായി പലരും പ്രകൃതിയുടെ സംഗ്രതയെ മനസ്സിലാക്കിയുള്ള ശ്രമങ്ങൾ തുടങ്ങി. അങ്ങനെ പ്രകൃതി കൃഷി, സീറോ ബജറ്റ് ഫാർമിംഗ് തുടങ്ങിയ സംരംഭങ്ങൾ ഉണ്ടായി. അവിടെയൊക്കെ സമഗ്രത ഭാഗികമായി മനസ്സിലാക്കിയെങ്കിലും അതിന്റെ പൂർണതയിലെത്തിയില്ല. അതെ സമയം പെർമാകൾച്ചർ  എന്ന ആഴപരിസ്ഥിതിയിലൂന്നിയ ഒരു കൃഷി വ്യവസ്ഥ ലോകത്തിൽ രൂപപെടുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ ബിൽ മോളിസനും, ഡേവിഡ് ഹോംഗ്രെനും ചേർന്ന് രൂപം കൊടുത്ത ഈ ശാസ്ത്രം വളരെ വിപുലമായ ഒരു പഠനശാഖയായി ലോകമെമ്പാടും വളർന്നു. ഇന്ന് ലോകത്തിലെ മികച്ച പ്രകൃതി പുനരുജ്ജീവന (regenerative) സംരംഭമായി. ഇന്നും ഈ ശാസ്ത്രം ശുദ്ധ ശാസ്ത്രമായി പുരോഗമിക്കുന്നു. അതിന്റെ തെളിവാണ് ഈ ശാസ്ത്രത്തിനു ആധികാരികമായ നിബന്ധനകളില്ല എന്നുള്ളത്. മാർഗരേഖകൾ മാത്രം, ഈ മാർഗ്ഗരേഖകളാകട്ടെ, ആഴപരിസ്ഥിതി തത്വശാസ്ത്രത്തിന്റെ ചിന്താരീതികൾ. ഇതൊരു തത്വ ശാസ്ത്രമായി ലോകത്തെ വിവിധയിടങ്ങളിൽ അവിടങ്ങളിലെ വ്യവസ്ഥകളെ പഠിച്ചു നിലവിലുള്ള സാഹചര്യങ്ങൾക്കനുസൃതമായ പരിഹാരങ്ങൾ അനുശാസിക്കുന്നു. അതായതു ഓരോരോ സ്ഥിതിവിശേഷങ്ങളിലും അതാതിന്റേതായ വ്യത്യസ്ഥ പരിഹാരങ്ങൾ കണ്ടെത്താൻ ഈ തത്വ ശാസ്ത്രം സഹായിക്കുന്നു. അതിനാൽ തന്നെ ഒന്നിലധികം പരിഹാര മാര്ഗങ്ങളും ഉണ്ടായി വരും. ആഴപ്രകൃതിയിലെ സ്വയം നിര്ദ്ധാരണ രഹസ്യങ്ങൾ ഓരോന്നായി  മനുഷ്യൻ കണ്ടെത്തുന്നതിലൂടെ അവൻ പ്രകൃതിയിൽ വരുത്തിയ വിനകളുടെ പരിഹാരങ്ങൾ ഉണ്ടാക്കാൻ അവനതു സഹായകമാകും. ഈ തത്വ ശാസ്ത്രം പ്രകൃതിയെ അനുകരിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കിയാൽ നമ്മുടെ സാമൂഹിക സാമ്പത്തിക സുസ്ഥിരതക്കും ഈ തത്വം പ്രയോജനപ്പെടും.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply