പെര്‍മാകൾച്ചർ റീജനറേറ്റീവ് അഗ്രികൾച്ചര്‍

പെര്‍മാകൾച്ചർ റീജനറേറ്റീവ് അഗ്രികൾച്ചര്‍

1 ഭൂമിയിലെ സമ്പൂർണ്ണ ഇക്കോസിസ്റ്റം മാനേജ്മെന്റ്.

 റീജനറേറ്റീവ് അഗ്രികൾച്ചർ എന്നത് ഒരു ഹോളിസ്റ്റിക് സോയിൽ / ഭൂമി ഇക്കോസിസ്റ്റം മാനേജ്മെന്റ് സമ്പ്രദായമാണ്. ഭൂമിയും മണ്ണും ജീവനുള്ള സത്തകളാണെന്നുള്ള ആഴപ്രകൃതി ശാസ്ത്ര നിരീക്ഷണം മാനിച്ചു, ആ ജൈവതയെ, പ്രകൃതിതത്വങ്ങളെ പഠിച്ചും അനുകരിച്ചും പുനര്നിര്മ്മിക്കുന്നു.

2 കാർബൺ സന്തുലിതാവസ്ഥ.

ആധുനിക കൃഷിയും, ഏകവിളയും പോലെയുള്ള കൃഷിരീതികൾ കാരണം, നമ്മുടെ മണ്ണിൽ കാർബൺ ആഗിരണ ശേഷി വളരെ  കുറഞ്ഞു. അത് അന്തരീക്ഷത്തിലെ കാർബൺ കൂട്ടി. പുനരുദ്ധാരണ കൃഷി അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുന്നു. ഭൂമിയുടെ കാർബൺ സംവിധാനത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിൽ മണ്ണിന്റെ പങ്ക് പുനരുജ്ജീവിപ്പിക്കുന്ന കൃഷി അംഗീകരിക്കുന്നു. പ്രത്യേകിച്ചും, കാർബൺ ചക്രം നിലനിർത്തുന്നതിനും  മണ്ണ് പുനർനിർമ്മിക്കുന്നതിനും സസ്യങ്ങളിലെ പ്രകാശസംശ്ലേഷണത്തിന്റെ ശക്തി വർദ്ധിക്കുന്നതിനും സഹായിക്കുന്നു.

3 ഹരിതഗൃഹ വാതകങ്ങളും (GHG) ഹരിത ഗൃഹ പ്രഭാവവും.

പുതിയ വ്യാവസായിക കൃഷി രീതികളും ഭക്ഷണ സമ്പ്രദായവും ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനം, നിലവിലെ പ്രധാന ഉറവിടങ്ങളാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്ഗമനം കുറയ്ക്കുക എന്നത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഒരു പ്രധാന പരിഹാരമാണ്.  റീജനറേറ്റീവ് അഗ്രികൾച്ചർ അതിനു സഹായിക്കുന്നു.

4 ജല ചക്രം മെച്ചപ്പെടുത്തുന്നു.

മണ്ണിലെ ജൈവത പുനർജീവിപ്പിച്ചു, മണ്ണിന്റെ ജല സംഭരണ ശേഷി കൂട്ടി, ജലചക്രം മെച്ചപ്പെടുത്തുന്നതിനും ഇത് കാരണമാകുന്നു. മണ്ണിലെ ജലാംശം കൂടുന്നതിലൂടെ ശുദ്ധവും സുരക്ഷിതവുമായ ഉറവകളും ജലപ്രവാഹങ്ങളും വർദ്ധിക്കുന്നു.

5 കൃഷി രീതികളിൽ പൗരാണിക ജ്ഞാനത്തെയും സമ്പ്രദായങ്ങളെയും ആഴ പ്രകൃതി ശാസ്ത്ര വീക്ഷണത്തിലൂടെ വിലയിരുത്തി അതിൽ കാമ്യമായവയെ സ്വീകരിക്കുന്നു.

ജൈവവൈവിധ്യത്തെയും മണ്ണിന്റെ ആരോഗ്യത്തെയും വിലമതിക്കുന്ന ലോകമെമ്പാടുമുള്ള തദ്ദേശവാസികൾ പരിശീലിക്കുന്ന പൈതൃക കൃഷി രീതികളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത അറിവുകൾ സംരക്ഷിക്കുന്നു. തദ്ദേശീയ കാർഷിക സമ്പ്രദായങ്ങളെ മനസ്സിലാക്കി, പുനരുൽപ്പാദന ജൈവ കാർഷിക സമ്പ്രദായങ്ങളുടെ വികസനത്തിന് പ്രധാനപ്പെട്ട പാരിസ്ഥിതിക നിർദേശങ്ങൾ അംഗീകരിക്കുന്നു. പ്രാഥമികമായി, മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കുന്ന രീതികളിലൂടെ. ഇത് മാത്രമല്ല, മണ്ണിന്റെ ജൈവ വൈവിധ്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു,

6 കാർബൺ വലിച്ചെടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള മണ്ണിന്റെ കഴിവിനെ വർദ്ധിപ്പിക്കുന്നു.

മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിച്ചു നീർത്തടങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാർബൺ പിടിച്ചെടുക്കാനുള്ള മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും പുനരുൽപ്പാദന കൃഷി ഉതകുന്നു..

7 ഇത് ആഗോളതാപനത്തിനെ തടയാൻ സഹായിക്കുന്നു.

കാർബണും GHG  വാതകങ്ങളും കാരണമുണ്ടാകുന്ന ഹരിതഗൃഹ പ്രഭാവത്തിലൂടെ ഉണ്ടാകുന്ന ആഗോള താപനത്തെ കുറക്കുന്നു.

8 മണ്ണിന്റെ ആവാസവ്യവസ്ഥയും ആരോഗ്യവും.

മണ്ണിന്റെ ജൈവവസ്തുക്കൾ പുനർനിർമ്മിച്ചും നശിച്ച മണ്ണിന്റെ ജൈവവൈവിധ്യം പുനഃസ്ഥാപിച്ചും ആവാസവ്യവസ്ഥയുടെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. ജൈവ വൈവിധ്യമാണ് ആവാസ വ്യവസ്ഥയുടെ ആരോഗ്യം എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

9 മണ്ണിന്റെ പോഷകാംശം വീണ്ടെടുക്കുന്നു, വർദ്ധിപ്പിക്കുന്നു.

മണ്ണിന്റെ ആരോഗ്യസംരക്ഷണത്തിലൂടെ അവിടെ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ പോഷകങ്ങൾ മണ്ണിൽ നിന്നും കുറവായതിനെ വീണ്ടെടുത്ത് നമ്മുടെയും ഭൂമിയിലെ മറ്റു ജീവ ജാലങ്ങളുടെയും  ആരോഗ്യം സംരക്ഷിക്കുന്നു. അതുപോലെ തന്നെ സസ്യങ്ങളുടെ  സ്വാഭാവികമായ ഉത്പാദനം കൊണ്ട് ഉണ്ടാകുന്ന പോഷകങ്ങളുടെ കുറവ് നികത്താൻ അവയുടെ അവശിഷ്ടങ്ങളെല്ലാം ആ മണ്ണിൽ തന്നെ തിരിച്ചിട്ടും, ഉപയോഗിച്ചതിനനുസൃതമായി പോഷകങ്ങൾ അധികമായി മണ്ണിൽ ഇട്ടും അതിനെ സന്തുലിതമാക്കുന്നു

10 കൃത്രിമവും സിന്തെറ്റിക്കും ആയ വളങ്ങൾ മണ്ണിലെ സൂക്ഷ്മജീവ സമൂഹങ്ങളുടെ ഘടനയിലും പ്രവർത്തനത്തിലും അസന്തുലിതാവസ്ഥ സൃഷ്ടിച്ചു, സസ്യങ്ങൾക്കുള്ള പോഷകങ്ങളുടെ സ്വാഭാവിക ജൈവ ശേഖരണത്തെ മറികടന്ന്, ആശ്രിത കാർഷിക ആവാസവ്യവസ്ഥയും ദുർബലവും പ്രതിരോധശേഷി കുറഞ്ഞതുമായ സസ്യങ്ങളെ സൃഷ്ടിച്ചു. പുരുദ്ധാരണ കൃഷി അതിനെ വീണ്ടെടുക്കാൻ സഹായിക്കുന്നു.

11 ജൈവ ആവാസവ്യവസ്ഥയുടെ വൈവിധ്യത്തിന്റെ നിർമ്മാണം ആരംഭിക്കാനായി മണ്ണിലെ സൂക്ഷ്മജീവികളുടെ സമൂഹത്തെ പുനഃസ്ഥാപിക്കുന്നതിന് കമ്പോസ്റ്റുകളോ കമ്പോസ്റ്റ് സത്തകളോ ഉപയോഗിച്ച് മണ്ണിന്റെ വീര്യം കൂട്ടുന്നു.

12 വളർത്തു മൃഗങ്ങളെയും ജീവ ജാലങ്ങളെയും അവയുടെ മേച്ചിൽ പുറങ്ങളെയും ആവാസവ്യവസ്ഥയിലേക്കു സംയോജിപ്പിക്കുന്നു..

നന്നായി നിയന്ത്രിച്ചാൽ, മേച്ചിൽ സമ്പ്രദായങ്ങൾ, മെച്ചപ്പെട്ട ചെടികളുടെ വളർച്ച, മണ്ണിലെ വർദ്ധിച്ച കാർബൺ നിക്ഷേപം, മേച്ചിൽ ഭൂമി ഉൽപാദനക്ഷമത എന്നിവയെ ഉത്തേജിപ്പിക്കുന്നു. അതേസമയം മണ്ണിന്റെ ഫലഭൂയിഷ്ഠത, പ്രാണികളുടെയും സസ്യങ്ങളുടെയും ജൈവവൈവിധ്യം, മണ്ണിന്റെ കാർബൺ ആഗിരണം എന്നിവ വളരെയധികം വർദ്ധിപ്പിക്കുന്നു.

13 പോഷക ഭക്ഷണങ്ങളുടെ ലഭ്യത കൂട്ടുന്നു.

പുനരുദ്ധാരണ രീതികൾ പാരിസ്ഥിതിക ആരോഗ്യം മാത്രമല്ല, മെച്ചപ്പെട്ട സൂക്ഷ്മ പോഷക ലഭ്യതയിലൂടെയും മെച്ചപ്പെട്ട പോഷക ബാലൻസിലൂടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കാർഷിക സമ്പ്രദായങ്ങളുടെ കൂടുതൽ വൈവിധ്യമാർന്ന പോഷക ഉൽപ്പാദനം ഉറപ്പാക്കുന്നതിന്, കൂടുതൽ വൈവിധ്യമാർന്ന കാർഷിക ആവാസവ്യവസ്ഥയുടെ ആവശ്യകതയെക്കുറിച്ച് പോഷകാഹാര വിദഗ്ധർ ഇപ്പോൾ കൂടുതലായി ഊന്നിപ്പറയുന്നു.

14 ഭക്ഷ്യ ക്ഷാമം നേരിടുന്ന ഇന്നത്തെ ലോകത്തു സമൃദ്ധി സൃഷ്ടിക്കുന്നു.

പുനരുൽപ്പാദന കാർഷിക മേഖല ഒരു ആഗോള മാറ്റത്തിന് വഴിയൊരുക്കാൻ കഴിയും. ആധുനിക കൃഷി രീതികൾ ഉണ്ടാക്കിയ തരിശു ഭൂമികളെയും ജൈവത നഷ്ടപ്പെട്ട മണ്ണിനെയും പുനര്ജീവിപ്പിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പാദനം പതിന്മടങ്ങു വർദ്ധിപ്പിച്ചു ഭക്ഷ്യ ക്ഷാമം ഇല്ലാതാക്കുക മാത്രമല്ല പ്രകൃതിയിലെ സമൃദ്ധി വീണ്ടെടുക്കാനും കഴിയും.

15 ക്ഷാമം എന്നത് ഉപഭോഗ സംസ്കാരത്തിന്റെ ഉപോല്പന്നമാണെന്നു തന്നെ കാണുന്ന ഈ കാലത്തു സമൃദ്ധി, പ്രകൃതിയുടെ നൈസര്ഗികത തന്നെയെന്ന് സുസ്ഥിര കൃഷി രീതികൾ തെളിയിക്കുന്നു. വൻകിട ഏകവിള കൃഷി രീതികളും, രാസവളങ്ങളും, ജൈവ നാശിനികളും ഇല്ലാത്ത കൃഷി രീതികൾ, വിഷങ്ങളും മലിനീകരങ്ങളും ഇല്ലാത്ത ഭക്ഷണം എന്ന ആശയം കൂടാതെ ലോകത്തെ ജനങ്ങളെ സ്വാശ്രയത്തിലേക്കു നയിക്കാനും, ദാരിദ്ര്യത്തെ ഉൻമൂലനം ചെയ്യാനും permaculture സാമ്പത്തിക ശാസ്ത്രവും സഹായിക്കും.

16 കാലാവസ്ഥാ ശുഭീകരണം.

വിപരീത കാലാവസ്ഥാ വ്യതിയാനം പ്രധാനമായി അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് വളരെ കൂടിയതിനാലായതിനാൽ, കാർബൺ ഉദ്‌വമനം (emission) കുറയ്ക്കൽ ഒന്ന് കൊണ്ട് മാത്രം അപര്യാപ്തമാണ്. ഭാഗ്യവശാൽ, മണ്ണിലെ കാർബൺ ശേഖരം വർദ്ധിപ്പിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നമുക്ക് യഥാർത്ഥത്തിൽ മാറ്റാൻ കഴിയുമെന്ന് ശാസ്ത്രം പറയുന്നു. പുനരുദ്ധാരണ കൃഷി അതിനുള്ള വഴിയാണ്.

17 വിളവ് മെച്ചപ്പെടുത്തുക.

വ്യാവസായിക കൃഷിയിലെ ന്യുനതകളാൽ ജൈവത നഷ്ടപെടുന്നതോടു കൂടി മണ്ണിന്റെ ഉത്‌പാദന ക്ഷമത വർഷാവർഷം കുറഞ്ഞു വരുന്ന പ്രതിഭാസം ലോകം മൊത്തം കാണുന്നു. അതിനു പരിഹാരമായി കൊടുക്കുന്ന അധിക രാസ വളങ്ങൾ കൂടുതൽ ദൂഷ്യം ചെയ്തു കൃഷി ഭൂമികളെ തരിശു ഭൂമികളാക്കി മാറ്റുന്നു എന്നും നാം കാണുന്നു. പുനരുദ്ധരിക്കപ്പെട്ട ജൈവകൃഷിയിടങ്ങളിലെ വിളവ് വ്യാവസായിക ഫാമുകളേക്കാൾ വളരെ കൂടുതലാണ്. സമൃദ്ധി അവിടെ വീണ്ടെടുക്കുന്നു.

18 വരൾച്ചയെ പ്രതിരോധിക്കുന്ന മണ്ണ് സൃഷ്ടിക്കുക.

മണ്ണിൽ ജൈവവസ്തുക്കൾ കൂടുന്നതോടെ മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിക്കുന്നു. മഴയിലൂടെ ലഭിക്കുന്ന ജലം മണ്ണിൽ തന്നെ ആഗിരണം ചെയ്തു, ബയോമാസ്സ്‌ പുതപ്പുകൾ ഉണ്ടാകുന്നതിലൂടെ, വരൾച്ചയെ തടയുന്നു, പുനരുൽപ്പാദന ജൈവകൃഷി മണ്ണിലെ ജൈവവസ്തുക്കൾ നിർമ്മിക്കുന്നു, മണ്ണിലെ ജൈവത നിലനിൽത്തുന്നു.

19 പുനരുദ്ധാരണ കൃഷി, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നു.

ലോകത്തു ഇന്ന് ഗ്ലോബലൈസേഷൻ എന്ന പ്രവണതക്കു പകരം ലോക്കലൈസേഷൻ ആണ് സുസ്ഥിരതക്കു അടിസ്ഥാനം എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ജൂൺ 21 വേൾഡ് ലോയ്ക്കലൈസേഷൻ ഡേ ആയി ആചരിക്കുന്നതിന്റെ പ്രാധാന്യം അതാണ്. കന്പോളവൽക്കരണത്തിനിരയായി നഷ്ടപ്പെട്ട പ്രാദേശിക സന്പത് വ്യവസ്ഥയെ തിരിച്ചു പിടിച്ചു പ്രാദേശിക സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് ലക്‌ഷ്യം. കുടുംബ കൃഷികളും, പ്രാദേശിക കൂട്ട് കൃഷികളും ആ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളായി മുന്നോട്ടു വെക്കുന്നു

20 ജൈവ വൈവിധ്യം നില നിർത്തി ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നു.

ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നത് കാർഷികോൽപ്പാദനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അടിസ്ഥാനപരമാണ് എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ഇത് കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ വിലപ്പെട്ട ഘടകവുമാണ് എന്നും നിരീക്ഷണങ്ങൾ തെളിയിക്കുന്നു.

21 പുൽമേടുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ കൂടുതൽ കാർബൺ സിങ്കുകൾ ഉണ്ടാക്കുന്നു. 

ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നിലൊന്ന് പുൽമേടുകളാണ്, അതിൽ 70% നശിപ്പിച്ചു. സമഗ്രമായ ആസൂത്രിത മേച്ചിൽ ഉപയോഗിച്ച് അവയെ പുനഃസ്ഥാപിക്കുന്നതിലൂടെ പ്രാകൃതിക കാർബൺ സിങ്കുകൾ പുനരുദ്ധരിക്കുന്നു..

22 ഉഴുതു മറിച്ചുണ്ടാക്കുന്ന മണ്ണിന്റെ അസ്വസ്ഥത ഇല്ലാതാക്കാൻ നോ-ടിൽ / മിനിമം ടില്ലിങ്  കൃഷി.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള ആധുനിക കൃഷി, മണ്ണിന്റെ സംയോജനത്തെയും ബാക്ടീരിയ, ഫംഗസ് തുടങ്ങിയ ജൈവ  സമൂഹങ്ങളെയും തകർക്കുന്നു. മണ്ണൊലിപ്പു കാരണം മേൽമണ്ണിലെ  ജൈവതയടങ്ങിയ മണ്ണ് ഇല്ലാതാകുന്ന. അവയിൽ ഉൾക്കൊണ്ടിരുന്ന  കാർബൺ അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചു ആഗോള താപനം കൂട്ടുന്നു. പുനരുദ്ധാരണ കൃഷിയിലെ നോ-ടിൽ / മിനിമം ടില്ലിങ് രീതി ആ അസ്വസ്ഥതകളെ ഇല്ലാതാക്കി മണ്ണിന്റെ നൈസർഗ്ഗിക ഘടന സംരക്ഷിക്കുന്നു.

23 മണ്ണിലെ ജീവാണുക്കളെയും കീടാണുക്കളെയും സംരക്ഷിക്കുന്നു.

മണ്ണിലെ ജൈവതയിൽ വളരെയധികം ജീവജാലങ്ങൾ അടങ്ങിയിരിക്കുന്നു, ജീവാണുക്കളും, കീടാണുക്കളും, കീടങ്ങളും, പ്രാണികളും, മണ്ണിരകളും, പുഴുക്കളും, ആൽഗകളും, ഫങ്കകളും ഉൾപ്പടെ. ഏറ്റവും പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്, ഫലഭൂയിഷ്ടമായ മണ്ണ്  ആരോഗ്യമുള്ളതാണെന്നും, ആരോഗ്യമുള്ള മണ്ണ്, വിനാശ കാരികളായ കീടങ്ങളെയും അണുക്കളെയും പിന്തുണക്കില്ല എന്നും, അവയുടെ അനാരോഗ്യത്തിലാണ് നെഗറ്റീവ് ആയവയുടെ സംഖ്യ വർദ്ധിക്കയോ പുതിയവ ഉരുവാകുകയോ ചെയ്യുന്നതെന്നും പറയുന്നു. അതായതു മണ്ണിന്റെ ആരോഗ്യം നിലനിർത്തിയാൽ വിനാശകാരികളുടെ ഉപദ്രവം ഇല്ലാതിരിക്കയോ, നിസ്സാരമായിരിക്കയോ ചെയ്യും. അതിനായി കഴിയുന്നത്ര കാലം മണ്ണ് വിളകളാൽ മൂടുക. വിളവെടിപ്പിന് ശേഷം കവർ വിളകൾ, വിള ഭ്രമണം, കമ്പോസ്റ്റ്, കാലിത്തീറ്റക്കുള്ള പുല്ലുകൾ എന്നിവ വളർത്തുക. ഇത്തരത്തിലുള്ള പ്രയോഗത്തിലൂടെ ജൈവശാസ്ത്രപരമായി പുനരുൽപ്പാദന സംവിധാനങ്ങളിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കുന്നു. മണ്ണിലെ പോഷകങ്ങളുടെ ലഭ്യത, കൈമാറ്റം, ചാക്രികത എന്നിവ മെച്ചപ്പെടുത്തുന്നതിന് ചെടികളിലെയും /മണ്ണിലെയും മൈക്രോബയോമിനെ പുനഃസ്ഥാപിക്കുന്നു.

24 ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും പരമാവധി ജൈവവൈവിധ്യം ആവാസ വ്യവസ്ഥയുടെ പ്രാണികളോടും, കീടങ്ങളോടും, കീടാണുക്കളോടും ഉള്ള പ്രധിരോധ ശക്തിയും ശേഷിയും വർദ്ധിപ്പിക്കുന്നു. വേരുകളിലൂടെയും പ്രകൃതിദത്ത വിഘടനത്തിലൂടെയും മണ്ണിലേക്ക് പോകുന്ന വിവിധതരം ആരോഗ്യ പരവും ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് പോഷകങ്ങൾ വർദ്ധിപ്പിക്കുകയും അവയിലെ രാസ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. ഈ തുലനതയെ നന്നായി കൈകാര്യം ചെയ്താൽ കീടങ്ങളുടെ സ്വാഭാവിക വേട്ടക്കാരായ (predators) പ്രാണികളെ ആകർഷിക്കുകയും ചെയ്തു, നൈസർഗ്ഗികമായ ബൈളോജിക്കൽ കണ്ട്രോൾ നടപ്പാക്കുന്നു.

25 സിന്തറ്റിക്, കൃത്രിമ വളങ്ങൾ എന്നിവയുടെ പ്രയോഗം താഴെ പറയുന്ന രീതിയിൽ കാർബൺ കാല്പാടുകൾ ഉണ്ടാക്കി കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു.

(i)        രാസവളങ്ങളുടെ ഉൽപ്പാദനത്തിന്റെയും ഗതാഗതത്തിന്റെയും ഊർജ്ജ ചെലവിലൂടെ കാർബൺ കാല്പാടുകൾ ഉണ്ടാക്കുന്നു,

(ii)       രാസ അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്കും അന്തരീക്ഷത്തിലക്കുമുള്ള ഉദ്ഗമനവും ചോർച്ചയും,

(iii)      മണ്ണിന്റെ മെഥനോട്രോഫുകളുടെ (കാർബണിന്റെ ഉറവിടമായി മീഥേനെ ഉപാപചയമാക്കുകയും ഓക്സിജൻ, നൈട്രേറ്റ്, സൾഫേറ്റ് എന്നിവയുടെ ഊർജ്ജം അൺലോക്ക് ചെയ്യുകയും ചെയ്യുന്ന പ്രോകാരിയോട്ടുകളാണ് മെഥനോട്രോഫുകൾ.) കുറവുൾപ്പെടെയുള്ള മണ്ണിലെ സൂക്ഷ്മജീവ സമൂഹങ്ങളുടെ (soil microbiome)വികലത,

(iv)      മണ്ണിലെ ജൈവവസ്തുക്കളുടെ ത്വരിതഗതിയിലുള്ള വിഘടനം (disintegration).

പുനരുൽപാദന  കൃഷി, കെമിക്കൽ ഇൻപുട്ടുകളുടെ ഉപയോഗം  ഇല്ലാതാക്കാനോ, പരമാവധി കുറയ്‌ക്കാനോ ശ്രമിക്കുന്നു.

അതാതിടത്തെ പ്രാദേശിക പരിസ്ഥിതികളുമായി നന്നായി പൊരുത്തപ്പെടാൻ ഈ പുനർജീവന കൃഷി രീതിയായ permaculture അഥവാ സുസ്ഥിര കൃഷിക്ക് കഴിയുന്നു, കാരണം അതാതു പ്രകൃതിയിലെ വ്യവസ്ഥകളെ തന്നെയാണ് അത് അനുകരിച്ചു പുനരുദ്ധാരണം നടപ്പാക്കുന്നത്.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply