കാർബൺ സീക്വസ്‌ട്രേഷൻ

കാർബൺ സീക്വസ്‌ട്രേഷൻ

ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ കാരണം അന്തരീക്ഷത്തിലേക്ക് വളരെയധികം കാർബൺ ഡൈഓക്സയിഡ് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. അത് പ്രാകൃതികമായി അന്തരീക്ഷത്തിൽനിന്നും മാറ്റപെടുന്നതിനേക്കാൾ പതിന്മടങ്ങു ആയതിനാൽ കാർബൺ തുലനത നഷ്ടപ്പെട്ടു പലവിധത്തിലുള്ള വിപരീതഫലങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുകയും നമ്മുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലെത്തിയ ഈ അവസരത്തിലാണ്, കാർബൺ അന്തരീക്ഷത്തിൽ നിന്നും എങ്ങനെ മാറ്റാം എന്ന ചിന്ത ഉണ്ടായതു.

അന്തരീക്ഷത്തിൽ നിന്നും കാർബണിന്റെ പ്രാകൃതിക ചക്രത്തിന്റെ പരിധിക്കു മുകളിലുള്ള കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുകയും സംഭരിക്കുകയും അതു പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതു തടയുകയും ചെയ്യുന്ന പ്രക്രിയയാണ് കാർബൺ സീക്വസ്ട്രേഷൻ. ആഗോള കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഒരു രീതിയാണിത്. അന്തരീക്ഷ കാർബൺ വേർതിരിച്ചെടുത്തു തിരിച്ചു വരാത്തവിധം ഖരരൂപത്തിലും ദ്രാവക രൂപത്തിലും സമ്മർദിത വാതക രൂപത്തിലും സ്ഥിരപ്പെടുത്തുക എന്നതാണ് ആശയം.

കാർബൺ സീക്വസ്ട്രേഷന്റെ തരങ്ങൾ

  1. പ്രാകൃതികമായ സീക്വസ്ട്രേഷൻ.

1.a പ്രകൃതിയിലെ സ്വാഭാവികമായ കാർബൺ സൈക്കിൾ.

മനുഷ്യന്റെ ഇടപെടൽ തുടങ്ങുന്നതിനു മുൻപ് കാർബൺ സൈക്കിൾ ആണ് കാർബൺന്റെ തുലനാവസ്ഥ നിലനിർത്തിയിരുന്നത്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ പ്രയോഗം കാരണം ആ തുലനാവസ്ഥ  തെറ്റി. വ്യവസായങ്ങൾ അതിനു പുറകെ ഇത് വർദ്ധിപ്പിച്ചു. ഇതേസമയം നാച്ചുറൽ ആയി കാർബൺ ആഗിരണം നടത്തുന്ന വനങ്ങളും, മണ്ണിലെ ജൈവതയും, വല്യ തോതിൽ നശിക്കപ്പെട്ടുകൊണ്ടിരുന്നു. വനനശീകരണം, മണ്ണിലെ ജൈവത നശിപ്പിച്ച വ്യാവസായിക രാസിക ഏകവിള കൃഷി രീതികൾ എന്നിവ വലിയ തോതിൽ ഇതിനു കാരണമായി. എന്നാൽ, ആനുപാതികമായി കാർബൺ നീക്കുന്നതിനെപറ്റി മനുഷ്യൻ ആലോചിച്ചുമില്ല. അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കാൻ തുടങ്ങിയപ്പോഴാണ് അതിനെപറ്റി  ചിന്തിക്കുന്നത്. അതിനാൽ വ്യത്യസ്ഥ രീതികൾ അവലംബിക്കേണ്ടതായി വരുന്നു. അതിൽ ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് പ്രകൃതിയുടെ ബയോളോജിക്കൽ വഴി തന്നെയാണ്.

1b. ബയോളജിക്കൽ കാർബൺ സീക്വസ്ട്രേഷൻ.

ബയോളജിക്കൽ കാർബൺ സീക്വസ്‌ട്രേഷൻ എന്നത് സസ്യങ്ങൾ, മണ്ണിന്റെ ജൈവ വ്യവസ്ഥ, ജല പരിതസ്ഥിതികൾ (തടാകങ്ങൾ, സമുദ്രം) എന്നിവയിലെ അന്തരീക്ഷ കാർബണിന്റെ സംഭരണത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, നഷ്ടപ്പെട്ട വനങ്ങൾക്കു പകരം വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ. പ്രത്യേകിച്ച് വലിയ മരങ്ങൾ അടങ്ങിയ വനങ്ങൾ, അന്തരീക്ഷത്തിൽ നിന്ന് CO2 നീക്കം ചെയ്യുന്നതിൽ  വലിയ പങ്കു വഹിക്കുന്നു. കാർബൺ സംഭരിച്ചു നിലനിർത്തുകയും കാർബൺ സൈക്കിളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നവയെ വീണ്ടും തിരികെ കൊണ്ടുവരുന്നതുമായ റിസർവോയറുകളെ കാർബൺ സിങ്കുകൾ എന്ന് വിളിക്കുന്നു. സമുദ്രം, മണ്ണ്, വനങ്ങൾ എന്നിവ ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ കാർബൺ സിങ്കുകളാണ്. വനനശീകരണം അന്തരീക്ഷത്തിലേക്ക് കാർബൺ ഉദ്‌വമനത്തിന്റെ ഒരു പ്രധാന ഉറവിടമാണ്, എന്നാൽ വനങ്ങൾ വീണ്ടും വളരുന്നത്  കാർബൺ സിങ്കുകളായി പ്രവർത്തിക്കുന്നു. ജലമലിനീകരണം തടാകങ്ങളിലെയും, സമുദ്രത്തിലെയും ജീവാണുക്കൾ നശിക്കാൻ കാരണമാകുന്നു, ഈ ജൈവതയാണ് കാർബൺ ആഗിരണം ചെയ്തു അന്തരീക്ഷത്തിൽ നിന്നും കാർബൺ നീക്കം ചെയ്യേണ്ടത്. അതിനാൽ ജലമലിനീകരണം ഇല്ലാതാക്കുകയും, അതിലെ ജീവാണുക്കളെ പുര്നജ്ജീവിവിക്കാനും കഴിയണം.

കാലാവസ്ഥ വ്യതിയാനം തടയാൻ ആഗോള താപ നില 1.5 ഡിഗ്രിയാണ് കുറയേണ്ട ലക്ഷ്യമെന്ന് യുണൈറ്റഡ് നേഷൻസിന്റെ (യുഎൻ) ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് IPCC പറയുന്നുണ്ടെങ്കിലും, അത് അപ്രാപ്യമാണെന്ന് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.

ഐപിസിസി യുടെ ഒരു പ്രത്യേക റിപ്പോർട്ട് അനുസരിച്ച്, 8.6 ജിഗാടൺ CO2 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സിഡിആറിന് ഏറ്റവും ഉയർന്ന സാധ്യതയുള്ള ഓപ്ഷനുകളിലൊന്നാണ് വിളനിലങ്ങളിലും പുൽമേടുകളിലും മണ്ണ് കാർബൺ വേർതിരിക്കൽ. നിലവിലുള്ള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 20%, മണ്ണിൽ  പൂട്ടിയിടാമെന്നതിനാൽ വർഷം തോറും  അത്രയും വേർതിരിച്ചെടുക്കാൻ കഴിയും. മറുവശത്ത്, കാർഷിക, കന്നുകാലി പരിപാലനത്തിന് പ്രതിവർഷം 3.4 ജിഗാടൺ CO2 വരെ ലഘൂകരിക്കാനാകും. മണ്ണിലെ കാർബൺ വർദ്ധിക്കുന്നതിനനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠതയും മെച്ചപ്പെടുന്നു എന്നതാണ് ഈ പ്രക്രിയയുടെ ഒരു അധിക നേട്ടം. അതിനാൽ, പോഷകങ്ങൾ നിലനിർത്തുന്നത് കൂടുതൽ ഫലപ്രദമാകും, മണ്ണിന് കൂടുതൽ നേരം ഈർപ്പം നിലനിർത്താൻ കഴിയും, അതിന്റെ സാന്ദ്രത കുറയുന്നു. ആഗിരണ ശേഷി കൂടുന്നു. വ്യാവസായിക കൃഷിയിലൂടെ തരിശു ഭൂമിയായി മണ്ണിലെ ജൈവാംശം ഇല്ലാതായ ഇന്ന്, ഈ ജൈവാംശം വർധിപ്പിക്കാനുള്ള സംരംഭങ്ങൾ കാർബൺ ആഗിരണം നടത്തുന്ന കൂടാതെ കൃഷിയിടങ്ങളിലെ പോഷകാംശം വര്ദ്ധിപ്പിച്ചു ഭക്ഷ്യസാധനങ്ങളുടെ പോഷകമൂല്യവും വീണ്ടെടുക്കുന്നു. പഴയ വനങ്ങളിലെ മണ്ണ് 10 %നു മുകളിൽ ജൈവാംശമുള്ളതാണ്. അത് വനങ്ങൾ വെട്ടിമാറ്റിയതിലൂടെയും നഗരവൽക്കരണത്തിലൂടെയുണ്ടായ മണ്ണൊലിപ്പിലൂടെയും, രാസകൃഷിയിലുണ്ടായ സൂക്ഷ്മാണു നശീകരണത്തിലൂടെയും, 2 – 3 % നും താഴെ വന്നാണ് തരിശു ഭൂമിയായതു. അതിനാൽ മണ്ണ് തന്നെ കാർബൺ ന്റെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായി കാണുന്നു. അതായതു ഭൂമിയിൽ മണ്ണ് ഒട്ടും പുറത്തു കാണാത്ത രീതിയിൽ വനങ്ങളും, വൈവിധ്യമാർന്ന കൃഷിയും ചെയ്യുക എന്നതു തന്നെ. ഇവിടെ ഭൂമിയിലുണ്ടായിരുന്ന ജൈവ വ്യവസ്ഥയെ തിരിച്ചു പിടിക്കാൻ കഴിവുള്ള  Permaculture എന്ന സുസ്ഥിര കൃഷി രീതിയാണ് ഇതിനു ഏറ്റവും ഉത്തമമായി കാണാൻ സാധിക്കുന്നത്.

1c. സോയിൽ കാർബൺ സീക്വസ്ട്രേഷൻ?

ഹരിതഗൃഹ പ്രഭാവം കുറയ്ക്കുന്നതിന്  ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റം, വനവൽക്കരണം, മണ്ണിലെ ജൈവത കൂട്ടുക എന്നിവയുടെ സാധ്യതകൾ അല്ലെങ്കിൽ പ്രയോഗം എന്നിവയ്ക്കുള്ള പ്രത്യേക പദമാണ് സോയിൽ കാർബൺ സീക്വസ്ട്രേഷൻ. കൃഷിയിൽ, ഈ പ്രക്രിയയെ “കാർബൺ ഫാമിംഗ്” അല്ലെങ്കിൽ “പുനരുജ്ജീവന കൃഷി” എന്നും വിളിക്കുന്നു, കൂടാതെ മണ്ണിനും സസ്യങ്ങൾക്കും കാർബണിന്റെ ആഗിരണവും സംഭരണവും വർദ്ധിപ്പിക്കാൻ കഴിയുന്ന തരത്തിൽ കൃഷിഭൂമി കൈകാര്യം ചെയ്യുന്നതിനുള്ള വൈവിധ്യമാർന്ന രീതികൾ ഉൾക്കൊള്ളുന്നു.

1d. പ്രാകൃതിക കാർബൺ ഹോൾഡിംഗ് കപ്പാസിറ്റി

മണ്ണ് (Soil)

ഭൂമിയുടെ ജൈവ മണ്ണിൽ ഏകദേശം 2,500 ഗിഗാടൺ കാർബൺ അടങ്ങിയിട്ടുണ്ട്. അത് അന്തരീക്ഷത്തിലെ കാർബണിന്റെ മൂന്നിരട്ടിയിലധികവും, എല്ലാ ജീവജാലങ്ങളിലും മൃഗങ്ങളിലും സംഭരിച്ചിരിക്കുന്നതിന്റെ നാലിരട്ടിയും കൂടുതലാണ്.

കാർഷിക ഉപോൽപ്പന്നങ്ങൾ, പ്രധാനമായും വളം, കമ്പോസ്റ്റ് എന്ന നിലയിൽ ഉപയോഗിക്കുന്നത് കാർബൺ വേർതിരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായിരിക്കാം, അത് വായുവിലേക്ക് വിടുന്നതിന് (അത് കത്തിച്ചു കളയരുത്) പകരം മണ്ണിൽ സംഭരിക്കുക. ഏറ്റവും വലിയ ഹരിതഗൃഹ വാതക സ്രോതസ്സുകളിലൊന്നിന്റെ കാർബൺ കാൽപ്പാടുകൾ നികത്താൻ ഈ സമ്പ്രദായത്തിന് കഴിയും.

കാർബൺ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ലതും ചിലവു കുറഞ്ഞതുമായ മാർഗ്ഗം, അതിനെ അതിന്റെ സ്വാഭാവിക സിങ്കുകളിൽ – വനങ്ങൾ, പുൽമേടുകൾ, മണ്ണ് എന്നിവയിൽ പ്രകൃതിയുടെ രീതിയിൽ തന്നെ സൂക്ഷിക്കുക എന്നതാണ്. അതിനാൽ, ആഗോള താപനം 1.5°C temparature കുറക്കാനുള്ള UN IPCC അന്താരാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിന്, അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുക്കുന്നതിനുള്ള സ്വാഭാവിക കാർബൺ സിങ്കുകളുടെ ശേഷി അതിവേഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. മരുഭൂകരണത്തെ ചെറുക്കാനും ഭക്ഷ്യ സുരക്ഷക്കും ഇത് ആവശ്യമാണ്.

ജൈവതയിൽ പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങളാൽ കാർബൺ അന്തരീക്ഷത്തിൽ നിന്നും വേർതിരിക്കപ്പെടുന്നു, സസ്യങ്ങൾ ഫോട്ടോസിന്തസിസ് സമയത്ത് വായുവിൽ നിന്ന് CO2 ആഗിരണം ചെയ്ത് പഞ്ചസാരയുടെ രൂപത്തിൽ ഭക്ഷണം ഉത്പാദിപ്പിക്കുകയും ഉപോൽപ്പന്നമായി ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ചെടി മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതുവരെ അല്ലെങ്കിൽ അവ സ്വാഭാവികമായി ക്ഷയിക്കുന്നതുവരെ അവയുടെ കോശങ്ങൾ കാർബൺ സംഭരിക്കുന്നു. കാർഷിക അവശിഷ്ടങ്ങളുടെ കത്തിക്കൽ കാരണം CO2 പരിസ്ഥിതിയിലേക്ക് തിരികെ വിടുന്ന ഇത് വരെ ഉണ്ടായിരുന്ന പ്രക്രിയകൾ മാറ്റി, permaculture രീതികളിലൂടെ കാർബൺ റിലീസ് ഏറ്റവും കുറച്ചു, മണ്ണിൽ തന്നെ ജൈവാംശമായി നിലനിർത്താൻ. സാധിക്കുന്നു. കാർബൺ ആഗിരണം ചെയ്യാനും സംഭരിക്കാനുമുള്ള പ്ലാന്റ് ബയോമാസിന്റെ അളവ് വർദ്ധിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ഒരു ഉറപ്പായ മാർഗമാണെങ്കിലും, മണ്ണിലെ കാർബൺ വേർതിരിവിന്റെ ശ്രദ്ധ പ്രധാനമായും മണ്ണിന്റെ ജൈവ പദാർത്ഥമായി (SOM) സംഭരിച്ചിരിക്കുന്ന കാർബണിന്റെ അളവ് വർദ്ധിപ്പിക്കുന്ന മാനേജ്മെന്റ് രീതികളിലാണ്. മണ്ണിന്റെ ജൈവത (സോയിൽ ഇക്കോസിസ്റ്റം), സോയിൽ ഓർഗാനിക് കാർബണായി (SOC) സംഭരിക്കാനും കഴിയും. സുസ്ഥിര കാർഷിക (Permaculture) ആവാസവ്യവസ്ഥകൾക്ക് പുതിയ ലാൻഡ് മാനേജ്മെന്റ് രീതികളിലൂടെ കാർബൺ സംഭരിക്കാനുള്ള അവസരം തുറക്കുന്നു. കാർബണിനെ കാർബണേറ്റുകളായി സംഭരിക്കാനും മണ്ണിന് കഴിയും

കർഷകർക്ക്, സുസ്ഥിര കൃഷി Permaculture)  രീതികളിലൂടെയും, ഫുഡ് ഫോറെസ്റ്, പുതയിടൽ, കമ്പോസ്റ്റിംഗ്, കന്നുകാലികളെ ഭ്രമണം ചെയ്യുക, കവർ വിളകൾ എന്നിവ ഉപയോഗിച്ച് ഇത് പ്രവർത്തികമാക്കാൻ കഴിയും. തരിശു ഭൂമികളെയും മരുഭൂമികളെയും വനവൽക്കരിക്കുക, രാസ കൃഷിയിലൂടെ മണ്ണിന്റെ ജൈവത നഷ്ടപ്പെടുത്താതിരിക്കുക, മലിനീകരണത്തിലൂടെ നഷ്ടപ്പെട്ട മണ്ണിലെയും തടാകങ്ങളിലെയും സമുദ്രത്തിലെയും ജൈവത മലിനീകരണ നിർമ്മാർജ്ജനത്തിലൂടെ തിരിച്ചു പിടിക്കുക എന്നിങ്ങനെയുള്ള രീതികളിലൂടെ കർഷകർക്ക് അന്തരീക്ഷത്തിലേക്ക് അധികമായി കടന്നുകൂടിയ കാർബൺ തിരിച്ചു പിടിക്കാൻ കഴിയും.

സമുദ്രം

ഏകദേശം 38,000 ഗിഗാടൺ (Gt) കാർബണുള്ള സമുദ്രത്തിൽ (1 ഗിഗാടൺ = 1 ബില്യൺ ടൺ) ഭൗമ ബയോസ്ഫിയറിന്റെ, അതായത് നമ്മുടെ ഗ്രഹത്തിലെ എല്ലാ സസ്യങ്ങളും, ജൈവ മണ്ണും, ചേർന്നതിന്റെ 16 മടങ്ങ് കാർബൺ അടങ്ങിയിരിക്കുന്നു, മനുഷ്യർ  കഠിനമായി വ്യവസായവൽക്കരണം തുടങ്ങുന്നതിന് മുമ്പുള്ള സമയത്തിന്റെ ഏകദേശം 60 മടങ്ങു. 0.1 pH മാറ്റത്തിലൂടെ, 1000 GT കാർബൺ സമുദ്രത്തിൽ സംഭരിക്കപ്പെടുമെന്നും അതേ അളവിൽ കാർബൺ അന്തരീക്ഷത്തിൽ നിലനിൽക്കുകയാണെങ്കിൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറയുമെന്നും IPCC കണക്കാക്കുന്നു. കാർബൺ വേർതിരിക്കുന്നതിനുള്ള ഏറ്റവും വാഗ്ദാനപ്രദമായ സ്ഥലങ്ങളിലൊന്ന് സമുദ്രങ്ങളാണ്, ഇത് നിലവിൽ മനുഷ്യന്റെ പ്രവർത്തനത്തിലൂടെ പുറന്തള്ളുന്ന കാർബണിന്റെ മൂന്നിലൊന്ന് എടുക്കുന്നു, ഓരോ വർഷവും ഏകദേശം രണ്ട് ബില്യൺ മെട്രിക് ടൺ. ലോകത്തിൽ കാർബൺ ഡൈ ഓക്സൈഡ് നിലവിൽ പ്രതിവർഷം 10 GtC പുറന്തള്ളുന്നു, സമുദ്രങ്ങൾ നിലവിൽ പ്രതിവർഷം 2.4 Gt കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നു. ആയിരക്കണക്കിന് ഗിഗാടൺ കാർബൺ ഡൈ ഓക്സൈഡ് നിലനിർത്താനുള്ള ശേഷിയുള്ള ഒരു വലിയ കാർബൺ സിങ്കാണ് സമുദ്രം.

കൊടും കാടുകൾ

ഏറ്റവും കൂടുതൽ പിണ്ഡമുള്ള (കഠിനമരങ്ങൾ) ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മരങ്ങൾ കാർബൺ ഡൈ ഓക്സൈഡ് പൂട്ടുന്നതിൽ (lock)  ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. വേഗത്തിൽ വളരുകയും ദീർഘകാലം ജീവിക്കുകയും ചെയ്യുന്ന വൃക്ഷ ഇനങ്ങളാണ് അനുയോജ്യമായ “കാർബൺ സിങ്കുകൾ”. (ഒരു കാർബൺ സിങ്ക് അത് പുറത്തുവിടുന്നതിനേക്കാൾ കൂടുതൽ കാർബൺ അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യുന്നതാണ്).

കണ്ടൽക്കാടുകളും തീരദേശ തണ്ണീർത്തടങ്ങളും വർഷം തോറും പക്വതയാർന്ന ഉഷ്ണമേഖലാ വനങ്ങളെക്കാൾ പതിന്മടങ്ങ് കാർബൺ വേർതിരിക്കുന്നതായി നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉഷ്ണമേഖലാ വനങ്ങളെ അപേക്ഷിച്ച് തത്തുല്യമായ പ്രദേശത്ത് മൂന്നോ അഞ്ചോ ഇരട്ടി കാർബൺ അവ സംഭരിക്കുന്നു.

2. ജിയോളജിക്കൽ കാർബൺ സീക്വസ്ട്രേഷൻ.

ഭൂഗർഭ രൂപീകരണത്തിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) സംഭരിക്കുന്ന പ്രക്രിയയാണ് ജിയോളജിക്കൽ കാർബൺ സീക്വസ്ട്രേഷൻ. CO2 സമ്മർദത്തിലൂടെ ദ്രാവകമാക്കുന്നു, തുടർന്ന് അത് ഭൂഗർഭ തടങ്ങളിലെ ശിലാരൂപങ്ങളിലേക്ക് കുത്തിവയ്ക്കുന്നു.

CCS (Capturing Compressing and Storing) മൂന്ന് പ്രധാന ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു; ഉറവിടത്തിൽ നിന്ന് CO2 പിടിച്ചെടുക്കുക, ട്രാൻസ്പോർട്ടിനായി കംപ്രസ് ചെയ്യുക, തുടർന്ന്, അത് ശാശ്വതമായി സൂക്ഷിക്കാൻ ഭൂമിക്കടിയിലെയോ സമുദ്രത്തിനടിയിലെയോ പാറകളുടെ രൂപീകരണത്തിലേക്ക് ആഴത്തിൽ പമ്പ് ചെയ്തു ഇറക്കുന്ന പ്രക്രിയ.

3. ടെക്നോളജിക്കൽ കാർബൺ സീക്വസ്ട്രേഷൻ.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാനും സംഭരിക്കാനും പുതിയ പുതിയ വഴികൾ ശാസ്ത്രജ്ഞർ പര്യവേക്ഷണം ചെയ്യുന്നു. ഗവേഷകർ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനു കൂടെത്തന്നെ, അതിനെ മറ്റു ആവശ്യങ്ങൾക്കായി ഉപായിക്കാവുന്ന രീതികൾ വികസിപ്പിക്കുന്ന. ഇപ്പോൾ അത് ഒരു വിഭവമായി (Commodify വ്യവസായവൽക്കരിക്കാനായി കൂടുതൽ വഴികളും നോക്കുകയാണ്. ഭീമാകാരമായ ഡയറക്റ്റ് എയർ ക്യാപ്ചർ (DAC) ടെക്നോളജികൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.

4. വ്യാവസായിക കാർബൺ സീക്വസ്ട്രേഷൻ.

വൈദ്യുതി ഉൽപ്പാദനത്തിലും വ്യാവസായിക പ്രക്രിയകളിലും രൂപം കൊള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് (CO₂) ഉറവിടത്തിൽ നിന്ന് തന്നെപിടിച്ചെടുക്കുകയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാതിരിക്കാൻ സംഭരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കാർബൺ ക്യാപ്ചർ ആൻഡ് സീക്വസ്ട്രേഷൻ/സ്റ്റോറേജ് (CCS). ഊർജ്ജ സംവിധാനങ്ങളിലെ CO₂ ഉദ്വമനം കുറയ്ക്കാൻ CCS സാങ്കേതികവിദ്യകൾക്ക് കാര്യമായ കഴിവുണ്ട്

കാർബൺ സീക്വസ്ട്രേഷൻ രീതികളുടെ  ആപേക്ഷിക വിലയിരുത്തൽ

കാർബൺ ഓഫ്‌സെറ്റ് ചെയ്യാനുള്ള ധാരാളം പ്രൊജെക്ടുകൾ ഉണ്ടായി വരുന്നു. എന്നാൽ ഒരു യാഥാർഥ്യ പരിശോധനയിൽ കാണുന്നത് പലതും ശരിയല്ല എന്നാണ്. 85 % പ്രൊജെക്ടുകളും ഒരു ഗ്രീൻ വാഷ് ആണ് ചെയ്യുന്നത്. ഗ്രീൻ ഫോറെസ്റ്റുകൾ പലതും പിന്നീട് മറ്റാവശ്യങ്ങൾക്കായി വെട്ടുന്നു. പലതിന്റെയും കാർബൺ ഫുട് പ്രിന്റ് കണക്കുകൾ വ്യാജമോ ട്വീക് ചെയ്തതോ ആയി ഓഡിറ്റുകൾ ഡബിൾ കൗണ്ടിങ്ങും സാധാരണമാകുന്നു. വോളണ്ടറി പ്രൊജെക്ടുകൾക്കു വേണ്ടത്ര മോണിറ്ററിങ് കോൺട്രോൾസ് ഇല്ല. അതിനായി പുതിയ പ്ലാനെറ്റിലി, പ്ലാനറ്റ് എ മുതലായ ഓഡിറ്റ് കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ കാർബൺ ട്രാക്കിംഗ് രംഗം ചൂട് പിടിക്കുന്നു.

കാർബൺ ഒരു വെറും കമ്മോഡിറ്റിയായി കണക്കാക്കി അത് ഒരു ബിസിനസ്സ് രീതി എന്ന് വന്നതിലൂടെ ഗ്രീഡ് ഫാക്ടർ കടന്നു കൂടി. കാർബൺ ക്യാപ്ചർ ടെക്നോളോജികളും ഡയറക്റ്റ് എയർ ക്യാപ്ചർ ടെൿനോളജികളും ടെക്നോളോജിക്കൽ സെക്‌സ്ട്രഷൻ രീതികളായി മുന്നോട്ടു വന്നു. ക്യാപ്ചർ ചെയ്ത കാർബൺ ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കുന്നു എന്ന രീതിയിൽ എഫീഷിയൻറ് ഓയിൽ റിക്കവറി (EOR) ടെക്നോളജി മുന്നോട്ടു വെച്ച് ഫോസിൽ ഫ്യൂവൽ വ്യവസായത്തെ, കുറക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കുന്നു. EOR ഉപയോഗിച്ച് ഉല്പാദന ക്ഷമത തീർന്ന എണ്ണ ഖനികളിൽ ഈ CO2 ദ്രാവകം പമ്പു ചെയ്തു ബാക്കിയുള്ള എണ്ണ കൂടി പുറത്തെടുക്കാൻ കഴിയും. അതിനാൽ എണ്ണക്കന്പനികൾക്ക് അതിന്റെ കാർബൺ ക്രെഡിറ്റ് ഉപയോഗിച്ച് കൂടുതൽ ഉല്പാദനവും നടത്താം.

കാർബൺ ട്രേഡിങ്ങ് വൻ ബിസ്സിനെസ്സ് ആകുന്നു. ഭീമാകാരമായ പ്രൊജെക്ടുകൾ രൂപം കൊള്ളുന്നു. വൻ ബിസിനസ് ടൈക്കൂണുകൾ കടന്നുകൂടുന്നു. സ്വാഭാവികമായ ബയോളോജിക്കൽ സെക്വസ്ട്രേഷൻ കൊണ്ട്  മാത്രം പരിഹാരമാവില്ല എന്നും വാദിച്ചു ഏറ്റവും വലിയതും ആപേക്ഷികമായി വളരെ ചെലവ് കുറഞ്ഞതുമായ ആ രീതികളെ തഴയുന്നു. അതായതു അതിനു ഫണ്ട് കണ്ടെത്തുന്നതിനേക്കാൾ പ്രാധാന്യം വന്പൻ പ്രൊജെക്ടുകൾക്കു കൊടുക്കുന്നു.  അപ്പോൾ വലിയ സംരംഭങ്ങൾക്ക് വലിയ ഫണ്ടുകൾ വേണമെന്നും വാദിക്കുന്നു. ലോകത്തിലെ എല്ലാ ഗവണ്മെന്റുകൾ അതിനുള്ള ഫണ്ടുകൾ കണ്ടെത്തണമെന്നും അതിനായി കാർബൺ ടാക്സുകൾ പോലുള്ളവ ഏർപ്പെടുത്തണമെന്നും പറയുന്നു. അങ്ങനെ അസുസ്ഥിരതയിലൂന്നിയ ഒരു പുതിയ വ്യവസായം കൂടി ഉരുവാകുന്നു. ഇതിൽ, മുന്നിലായി കാനഡയിൽ കാർബൺ എഞ്ചിനീറിംഗും, അമേരിക്കയിൽ ഓക്സിഡന്റാലും, യൂറോപ്പിൽ ക്ളൈയിംവർക്‌സും വന്പൻ പ്രൊജെക്ടുകളായി തുടങ്ങിക്കഴിഞ്ഞു.

എന്നാൽ ഒരു സമഗ്ര നിരീക്ഷണം ഇവിടെ ആവശ്യമാണ്. ഇത്രയും വലിയ പ്രൊജെക്ടുകൾ പ്രയോഗോകമാണോ? ഇതിന്റെ ചിലവുകൾ മറ്റുള്ളവയെക്കാൾ കൂടുതലാണെന്നു കണ്ടിട്ടും ഇതിനെ പിന്തുണക്കുന്നത് ശരിയാണോ എന്നുമൊക്കെ. അന്ധമായ കോൺസുമെറിസം ഇതിൽ കടന്നു കൂടിയാൽ സാന്പത്തിക അസുസ്ഥിരതക്കു കാരണമാകും. ഡയറക്റ്റ് എയർ ക്യാപ്ചർ ട്രെക്നോളജി നാച്ചുറൽ രീതിയെക്കാൾ 50 ഇരട്ടി ചെലവ് ആണെന്നാണ് കാണുന്നത്. ഒരു മെട്രിക് ടൺ കാർബൺ വേർതിരിക്കാൻ ചിലവാക്കുന്നത് 300 – 800 ഡോളറാണ്.  ഇത്തരുണത്തിൽ എല്ലാ ബിയോളോജിക്കൽ രീതികളും റീജനറേറ്റീവ് അഗ്രികൾച്ചർ ആയ പെർമാകൾച്ചറും അവലംബിക്കുകയാണ് ഉചിതം എന്ന് കാണുന്നു.

National Coordinator, Greencross Foundation Centre for Deep Ecology, Faculty Member, Deep Ecological Fellowship, Editorial Member, The Ecosophical Insight, (olympuss.in)

Leave a Reply