96 തത്വങ്ങളും സമഗ്ര വീക്ഷണവും
സമഗ്രത എന്ന ആശയം എല്ലാര്‍ക്കും അറിയുമായിരിക്കും.
ഒരു വസ്തുവിന്റെ (സത്തയുടെ) പേര് പറയുമ്പോള്‍ അതിന്റെ ഏറ്റവും പരിചിതമായ ഒരു ഭാവമാണ് നമ്മുടെ മനസ്സില്‍ ഉണരുക. ചിലപ്പോള്‍ രൂപം, ചിലപ്പോള്‍ ഗന്ധം, ചിലപ്പോള്‍ ശബ്ദം, ചിലപ്പോള്‍ ഇങ്ങനെ ഒന്നിലധികം ഗുണങ്ങള്‍ (parameters), അങ്ങനെ ചിലത് മാത്രം. മറ്റൊരാള്‍ കാണുക മറ്റു ചിലതാകാം. അവയില്‍ പൊതുവായത് മാത്രമേ പൊതു വേദിയില്‍ ചര്‍ച്ച ചെയ്യാനാകുകയുള്ളൂ.. ഈ പ്രപഞ്ചത്തിലെ എല്ലാ വീക്ഷകരും ചേര്‍ന്നു ആ സത്തയുടെ എന്തെല്ലാം വീക്ഷിക്കുന്നുവോ അവയുടെ ആകെ തുക പോലും ആ സത്തയുടെ പൂര്‍ണത ആകണമെന്നില്ല.
അങ്ങനെ ഒരു സത്തയെ നാം അറിയുമ്പോള്‍ അതില്‍ നാം അനുഭവിച്ചതും അറിയുന്നതും മാത്രമല്ലാതെ അതിന്റെ സാദ്ധ്യമായ എല്ലാ ഗുണങ്ങളെയും പരിഗണിക്കുമ്പോള്‍ ആണ് നാം അതിനെ മെച്ചമായി അറിയുക. അതിന്റെ പ്രകട രൂപം, ഘടന, വിന്യാസം, പ്രവര്‍ത്തനങ്ങള്‍, പൊരുത്തങ്ങള്‍, പ്രേരണകള്‍, പശ്ചാത്തലങ്ങള്‍, കാരണങ്ങള്‍, കാര്യങ്ങള്‍, ഫലങ്ങള്‍, ലക്ഷ്യങ്ങള്‍, ബന്ധങ്ങള്‍, അതിന്റെ വലിയ പശ്ചാത്തലത്തിലുള്ള നില, സ്ഥാനം, കാലം, ഭാവം, സംഭവങ്ങള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഗുണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആണ് നാം ആ സത്തയെ മെച്ചമായി അറിയുക. അതാണ് സമഗ്രമായ കാഴ്ച, അറിയല്‍.
അങ്ങനെ അവനവനെ, ശരീരത്തെ, ജീവനെ, ജീവിതത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ സമഗ്രമായി അറിയാനുള്ള ഒരു ഉപകരണം എന്ന വിധമാണ് 96 തത്വങ്ങളെ ആചാര്യന്മാര്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. കാലവും മനുഷ്യന്റെ ബോദ്ധ്യങ്ങളും ധിഷണയും വിപുലപ്പെടുമ്പോള്‍ കൂടുതല്‍ ഗുണങ്ങള്‍ അറിഞ്ഞു വരുന്നുണ്ട്. അവിടെ 96 നും അധികം ഒട്ടേറെ ഗുണങ്ങള്‍ നാം അറിഞ്ഞിട്ടുണ്ട്. ഇനിയും അനന്ത സാദ്ധ്യതയുള്ളതാണ് ഈ തത്വങ്ങള്‍.
മനുഷ്യ ശരീരത്തെ വച്ച് കൊണ്ടാണ് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടായിട്ടുള്ളത്. നാം മനുഷ്യരാണ് എന്നതിനാല്‍ ഇവിടെ തുടങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവിടെ നാം പരിമിതപ്പെടുന്നത് കേവല മനുഷ്യ കേന്ദ്രിത വീക്ഷണം / സമീപനം കൊണ്ടാണ്. പകരം പ്രപഞ്ച കേന്ദ്രിത വീക്ഷണത്തില്‍ നിന്നും ഈ സിദ്ധാന്തങ്ങളെ കാണാന്‍ കഴിയുമ്പോഴാണ് നമുക്ക് കൂടുതല്‍ സമഗ്രമായി അറിയാന്‍ കഴിയുക.
ഇവയെ ഉരുവിടുവാനുള്ള ഒരു സിദ്ധാന്ത ശ്ലോകം എന്ന നിലയിലാണ് നാം ഈ തത്വങ്ങളെ മനസ്സിലാക്കുന്നതെങ്കില്‍ അതും വൃഥാവിലാണ്. പകരം സമഗ്രമായി വീക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനും നാം വിധേയപ്പെടുമ്പോള്‍ ഈ തത്വങ്ങള്‍ അതിന്റെ മുഴുവന്‍ പ്രായോഗികതയുമായി നമുക്ക് മുന്നില്‍ തെളിഞ്ഞു വരും.
പറഞ്ഞു വന്നത് ഇതാണ്. സമഗ്രമായി കാണുമ്പോള്‍ മാത്രമാണ് ഈ 96 തത്വങ്ങള്‍ നമുക്ക് ബോദ്ധ്യമാകുക. ആ സമഗ്രതയുടെ പരിധി ഈ തത്വങ്ങളുടെ പരിധിക്കും വെളിയില്‍ പോയേക്കാം. അത്രയും വിപുലമായ വീക്ഷണം ഉണ്ടാകേണ്ടതുണ്ട്.
ശ്രദ്ധയോടെ സമീപിക്കുമല്ലോ?
ഹൃദയ പൂര്‍വ്വം
സന്തോഷ് ഒളിമ്പസ്
Leave a Reply
You must be logged in to post a comment.