നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍?
നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍?
ഓരോ സത്ത ഉരുവാകുന്നതിനും പിറകില്‍ ആ സത്ത ഒരു കോശമാകുന്ന ശരീരത്തിന്റെ ആവശ്യങ്ങള്‍ ഉണ്ടായിരിക്കും. അതിനു അനുസൃതമായിരിക്കും അതിന്റെ സ്ഥല കാല രൂപ ഭാവ ഭവങ്ങള്‍. അതിനു അനുസൃതമായിരിക്കും അതിലെ ലീന വാസനകളും ശേഷികളും. സഹജമായി തുടരുന്ന കോശങ്ങളെ പ്രവര്‍ത്തന പന്ഥാവില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ധാരണകളും ഭാവനകളും പ്രേരണകളും അവിടെ രൂപപ്പെടും. ഇവയഞ്ചും (വാസനകളും ശേഷികളും ധാരണകളും ഭാവനകളും പ്രേരണകളും) ചേര്‍ന്ന് കോശത്തിന്റെ നിയുക്ത ധര്‍മത്തെ നിര്‍വഹിക്കും.
സാഹചര്യവശാല്‍ സഹജ ധര്‍മത്തില്‍ നിന്നും കോശത്തെ മറ്റൊന്നിലേക്കു നിയോജനം ചെയ്യുന്നത് പൊരുത്തമാകാന്‍ കോശം നിയുക്തമല്ലാത്ത ധാരണാ ഭാവനാ പ്രേരണകള്‍ സ്വായത്തമാക്കേണ്ടി വരും. ലീനമായ ശേഷികള്‍ക്കും വാസനകള്‍ക്കും അനുസൃതമല്ലാത്ത ധാരണാ ഭാവനാ പ്രേരണകള്‍ ഉള്ള കോശം ജീവിത പ്രതിസന്ധികള്‍ നേരിടും.
മനുഷ്യ ധര്‍മം പ്രകൃതിയുടെ പ്രകട ബോധമായി വര്‍ത്തിക്കലാണ്. വ്യക്തിക്കനുസരിച്ചു ഈ പ്രകട ധര്‍മത്തിന്റെ സ്ഥലകാല രൂപ ഭാവ ഭവങ്ങളില്‍ വ്യത്യസ്തത ഉണ്ടാകും. അതിനു അനുസൃതം അനുഭവങ്ങളും സാഹചര്യങ്ങളും അവനെ ചിട്ടപ്പെടുത്തി ധര്‍മ പൂരണം സംഭവിപ്പിക്കും.
ഇവിടെ മനുഷ്യ കുലത്തിന്റെ യുക്തി, പ്രതീതമായൊരു ജീവിത വ്യവസ്ഥയുണ്ടാക്കി യാന്ത്രികമായൊരു ജീവിത ചുറ്റുപാട് ക്രമീകരിച്ചിരിക്കുകയാണ്. അതില്‍ വ്യവസ്ഥാപിത ജീവിതത്തെ ചരിപ്പിക്കാനുള്ള പ്രതീത കോശങ്ങളായി സ്വയം അവരോധിക്കുമ്പോള്‍ അവയുടെ ധാരണാ ഭാവനാ പ്രേരണകള്‍ സാരമായ ദിശാ ഭേദം അനുഭവിക്കേണ്ടി വരുന്നു. ഈ അവസ്ഥയാണ് തൊഴില്‍. വേതനം ലാക്കാക്കി ചെയ്യുന്ന ഈപ്രതീത ധര്‍മം സ്വയത്തെ നഷ്ടപ്പെടുത്തിയ അസ്ഥിത്വമാണ്.
അതേ കാലത്ത് തന്നെ ഈ വ്യവസ്ഥാപിത മാര്‍ഗത്തില്‍ പോകാതെ സ്വന്തം ധിഷണയും വാസനയും ശേഷികളും ഉപയോഗപ്പെടുത്തുന്നവര്‍ ജീവിതത്തെ വിജയകരമായി ഉയര്‍ത്തി കൊണ്ടു വരുന്നത് കാണുവാനാകും. അവര്‍ക്ക് അവരുടെതായ പ്രതീത ലോകങ്ങള്‍ ഉണ്ടാക്കുവാനും കഴിവുണ്ടാകും. ഇവരാണ് ജീവിതത്തെ സുന്ദരമാക്കുന്നവര്‍. അങ്ങനെ സുന്ദരമാക്കുവാന്‍ അറിവും കഴിവും ശേഷിയുമുള്ളവര്‍ തന്നെ ആണ്, ബാക്കി മനുഷ്യ ജന്മങ്ങളെ പ്രതീത ലോകത്ത് കെട്ടിയിടുന്നത് എന്നത് വിരോധാഭാസമാണ്.
ജീവിത ധര്‍മത്തെ നടപ്പിലാക്കി ജീവിതത്തില്‍ സ്വാസ്ഥ്യം കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, സ്വന്തം വാസനകളെയും ശേഷികളെയും ധിഷണയെയും പിന്തുടരുക എന്നതാണ്. അതിനേ സ്വയമാകുന്ന കോശത്തിലും പ്രകൃതിയാകുന്ന ശരീരത്തിലും സ്വാസ്ഥ്യം നില നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
Leave a Reply
You must be logged in to post a comment.