കുട്ടകത്തില്‍ വീണു കിടന്ന തവള
*കത്തിക്കാന് പോകുന്ന അടുപ്പിലേക്ക് കയറ്റി വച്ച കുട്ടകത്തില് വീണു കിടന്ന തവളയെ പറ്റി ഒരു കഥയുണ്ട്.*

തണുപ്പുള്ള ഒരു പ്രഭാതം. തണുത്തു കൊണ്ട് ആ തവള കുട്ടകത്തിലെ വെള്ളത്തില് പാറി കിടക്കുകയായിരുന്നു. വലിയ അനക്കമൊന്നും ഇല്ലാതിരുന്ന അവിടെ തണുപ്പിന്റെ വിറയല് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇടയ്ക്ക് വെള്ളത്തിനുണ്ടായിരുന്ന തണുപ്പിനെ പറ്റി പരിഭവിച്ചും പരിതപിച്ചും കിടക്കുമ്പോഴാണ് എന്തോ ഒരു മാറ്റം ചുറ്റിലും വന്നു തുടങ്ങിയത്. കണ്ണടച്ച് കിടന്നതിനാല് വെള്ളം ഒരു നിമിഷം ആടി ഉലഞ്ഞുവെന്നു സ്വപ്നമായി തോന്നി. കുട്ടകത്തിനു മുകളിലെ ആകാശം ഒന്ന് തെന്നി മാറി അടുത്തുവോ എന്നൊരു സംശയം.
ആരോ കുട്ടകം എടുത്തു അടുപ്പത്ത് വച്ചതും കുട്ടകത്തിനു അടിയിലെ അടുപ്പ് കത്തിച്ചതൊന്നും തവള അറിഞ്ഞില്ല. അങ്ങനെ എപ്പോഴോ വെള്ളത്തിന്റെ തണുപ്പന് ഭാവം മാറിയപ്പോള് തവളയ്ക്ക് എന്ത് സന്തോഷമായെന്നോ? ഇളം ചൂടില് അങ്ങനെ മഥിച്ചു, തണുപ്പ് മാറിയ ആ മഹാമാറ്റത്തെയും തന്റെ പുരോഗമനത്തെയും ഓരോ നിമിഷവും പ്രകീര്ത്തിച്ചു കണ്ണും അടച്ചു കിടന്നു. ഇടയ്ക്ക് എവിടെയോ വെള്ളം ഒന്ന് അല്പം ചൂടോടെ അടിയില് നിന്നും തള്ളിയത് പോലെ തോന്നും. ചൂടല്ലേ, അതും ഒഴിവാക്കാനാകാത്തത്.. മുമ്പ് പരിഭവിച്ചും പരിതപിച്ചും കൊണ്ടിരുന്ന തണുപ്പിനെ അകറ്റുവാന് സഹായിച്ച ചൂട്.. അതിനെ അതിഥിയും ദേവനും ഒക്കെ ആയി കണ്ടു സ്വീകരിക്കുക തന്നെ. അങ്ങനെ അങ്ങനെ ചൂടില് ഓളം വെട്ടാന് തുടങ്ങിയപ്പോഴും ഒടുവില് വെട്ടി തിളയ്ക്കുന്ന ഓളത്തില് ഇളകി മറിയാന് തുടങ്ങിയപ്പോഴും തവള അറിഞ്ഞില്ലത്രേ ഈ ചൂട് തന്നെയും കൊണ്ട് പോകുകയാണെന്ന്.
പരിമിതികള് ഒട്ടേറെ ഉണ്ടായിരുന്ന തണുത്ത ജീവിതത്തിലേക്ക് *ഉപഭോഗ സംസ്കാരത്തിന്റെ ചൂട്* കയറി വന്നപ്പോള് വികസന ഇഷ്ടം കൊണ്ട് അതങ്ങ് സ്വീകരിച്ചു കൊണ്ടിരുന്ന തവളകള് ആയി മാറി നാം ഉപഭോഗ മനുഷ്യര് . ഒടുവില് എല്ലാം കൈവിട്ടു പോകും എന്ന അവസ്ഥയില് എത്തിക്കഴിഞ്ഞിട്ടു പിന്നെ പ്രതിവിധി ആലോചിച്ചിട്ട് കാര്യമില്ല. വെള്ളം വെട്ടി തിളച്ചു തുടങ്ങി എന്ന് തവളകള് ആയ നമുക്ക് മനസ്സിലായില്ല എങ്കിലും ചൂട് അനുഭവിക്കുന്ന കുട്ടകമായ ഭൂമിക്കു മനസ്സിലായി തുടങ്ങി. തീയായി കത്തുന്ന മനുഷ്യരാശി ആകുന്ന തീയുടെ നാളം കെടുത്തുവാന് വേണ്ട ദുരന്തങ്ങള് ഓരോ കൊല്ലവും പ്രകൃതി കൊണ്ട് വരുന്നു.
തണുപ്പായിരുന്നു നല്ലത്. എന്ന് എല്ലാം കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതാണ് നല്ലതെന്ന് അറിയാമെങ്കില് അങ്ങോട്ട് ഇപ്പോള് മാറണം. ഉപഭോഗ സംസ്കാരത്തിലെ എല്ലാ മനം മയക്കുന്ന ബിംബങ്ങളെയും ഉടച്ചു കളഞ്ഞു നാം മാറണം. പക്ഷെ എങ്ങോട്ട്? എങ്ങനെ?
കൃഷിയിലും സ്വാശ്രയത്വത്തിലും ഊന്നിയ ഒരു പ്രകൃതി കേന്ദ്രിത ജീവിത ശൈലി ആണ് ഞങ്ങളുടെ കയ്യിലുള്ള പരിഹാരം. ആദ്യം ഒരു മാതൃകാ സ്വാശ്രയ ഗ്രാമവും അതിനെ കണ്ടു കൊണ്ട്, അവിടെ പഠിച്ചു കൊണ്ട് നിങ്ങള് ഓരോരുത്തരും നിങ്ങളുടെ വീട്ടിലും പ്രദേശത്തും ചെയ്തൊരുക്കുന്ന സ്വാശ്രയ അയല്കൂട്ട ഗ്രാമങ്ങളും ഗ്രാമ ജീവിതവും. അങ്ങനെ പടിപടിയായി നാം നമ്മുടെ നിലനില്പ്പിലേക്ക് മാറുന്ന അവസ്ഥ.
അതിനു തയ്യാറുള്ളവര്ക്കായി നാം ഇക്കോ വില്ലേജും പോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ഇപ്പോള്‍ തന്നെ ബന്ധപ്പെടുമല്ലോ?
Leave a Reply
You must be logged in to post a comment.