എന്താണ് വിദ്യ?

അറിവിലേക്കുള്ള വാതായനം എന്നും, സംസ്കരിക്കാനുള്ള തന്ത്രം എന്നും, ഒക്കെ പലരും പലതും പറയുന്നുണ്ട്.
ജീവിതം സഹജമാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞു, സമൂഹത്തെ കാണാതെ കാട്ടിലോ, വീട്ടിനകത്തോ വളരുന്നുവെങ്കില്‍, അവനു പൊതു ധാരയുമായി പൊരുത്തമാകാന്‍ കഴിയില്ല. ഭാഷ മുതല്‍ എല്ലാ സാമൂഹ്യ ജീവിത സങ്കേതങ്ങളും അവനു അന്യമായിരിക്കും. കുഞ്ഞിനെ പൊതുധാരയില്‍ എത്തിക്കാന്‍, നാം സാംസ്കാരികമായും, യൌക്തികമായും, അക്കാടമികമായും നല്കുന്ന സാങ്കേതിക തന്ത്രമാണ് വിദ്യ. ഒരുവനിലെ വിദ്യയുടെ ആധിക്യത്താല്‍ അവനിലെ സഹജ ചോദനകള്‍ യന്ത്രവല്‍കരണത്തിന് വഴി മാറും. അവനിലെ ബോധം ബുദ്ധിക്കു വഴി മാറും. വിദ്യ അഭ്യസിപ്പിക്കപ്പെട്ട ഒരു ജനതയ്ക്ക്, പ്രകൃതിയുടെ സ്വാഭാവിക സംരക്ഷണത്തിനും പരിചരണത്തിനും പകരം യന്ത്രങ്ങളും, തന്ത്രങ്ങളും കാവല്‍ നില്ക്കും. അവന്റെ സഹജ ചോദനകളെ മനസ്സിലാക്കാന്‍, അവന് ജ്ഞാന യന്ത്രങ്ങളോട് (പുസ്തകം, ഇന്റര്‍നെറ്റ്, വിദഗ്ദ്ധര്‍) സഹായം അഭ്യര്തിക്കേണ്ടി വരും. എന്ന് വച്ച് ഇക്കാലത്ത് വിദ്യ പാടെ ഒഴിവാക്കി ഒരു ജീവിതം സാദ്ധ്യമാണോ? അതുമല്ല.
എങ്കില്‍ നാം എന്ത് ചെയ്യേണ്ടിവരും?
ആദ്യം പഠിച്ചു പൊരുത്തമായല്ലോ .. എന്തെല്ലാം അഭ്യസിച്ചു കയറിപ്പോയോ ആവഴികളില്‍ മുറുകിയ കെട്ടുകള്‍ ഓരോന്നായി അഴിച്ചു തിരികെ ഇറങ്ങുക എന്നതാണ് അതിനൊരു വഴി. ഒരേയൊരു വഴി. കെട്ടുകള്‍ കെട്ടുന്ന അത്ര സുഗമമല്ല അവ അഴിക്കാന്‍. നിര്മലതയില് നിന്നും യാന്ത്രീകരണത്തിന്റെ പാരമ്യത്തിലേക്ക് കയറി ചെല്ലാന്‍ നാം ഉപയോഗിച്ച വിദ്യയുടെ പടവുകളെക്കാളും , ബലവും വ്യാപ്തിയും, ഉള്ളതാകണം, ഇറങ്ങി വരാനുള്ള പ്രതി വിദ്യയ്ക്ക്. അങ്ങിനെയിറങ്ങുമ്പോള്, മൂടിപ്പോയ ബോധം തെളിഞ്ഞു തെളിഞ്ഞു വരും. ബുദ്ധി അപ്രസക്തമാകും.
പക്ഷെ ആരാണ് പ്രതി വിദ്യയുടെ പടവുകളിലൂടെ ഇറങ്ങുക. ആര്‍ക്കാണിത് വേണ്ടത്? ആര് തയ്യാറാകും?
ചെന്നെത്തിയത് നിലംതൊടാ ലോകത്തേക്കാണ് എന്ന് ഒരു സംഘര്‍ഷ ഘട്ടത്തില്‍ ബോദ്ധ്യമാകുകയും, തിരിച്ചിറങ്ങാന്‍ ആഗ്രഹിക്കുകയും, പ്രതിവിധ്യയുടെ പള്ളിക്കൂടം കയ്യില്‍ കിട്ടുകയും ചെയ്യുന്ന ഒരാള്‍ക്കേ അതിനു കഴിയൂ. അയാള്‍ക്ക് അങ്ങിനെ ഇറങ്ങി വരാന്‍ കഴിഞ്ഞാല്‍, അയാള്‍ എത്തുക അവിദ്യയില്‍ ആയിരിക്കും. എല്ലാ വിദ്യകള്‍ക്കും നടുവില്‍ അവിദ്യാ മൂര്‍ത്തിയായി സംയമനത്തോടെ പക്വതയോടെ, അവനു വാഴാം.. പച്ചയായി.. അവിദ്യയില്‍ അവന്റെ സഹജബോധം, പ്രപഞ്ചത്തിന്റെ പരമ ബോധവുമായി ഏകാതാനതയിലാകും. അതാണ് പരമമായ ജ്ഞാനം.
https://www.facebook.com/notes/685701078144502
Leave a Reply
You must be logged in to post a comment.