യാഥാർഥ്യങ്ങളും സത്യങ്ങളും
യാഥാർഥ്യങ്ങളും സത്യങ്ങളും
യാഥാർഥ്യങ്ങൾ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന സംജ്ഞകളാൽ ബോദ്ധ്യമാകപ്പെടുന്നവയാണ്. യഥോ ഗ്രാഹ്യം തഥോ ബോദ്ധ്യം. ഇന്ദ്രിയങ്ങളുടെ സംവേദന ക്ഷമതയുടെയും അതിനെ വിവക്ഷിക്കുന്ന തലച്ചോറിന്റെ കഴിവിനെയും വ്യാപ്തിക്കനുസരിച്ചു ഓരോരുത്തരും മനസ്സിലാക്കുന്ന യാഥാർഥ്യങ്ങൾ വിവിധമായിരിക്കും. പക്ഷെ സത്യം ഒന്നേയുള്ളു. പരമ സത്യം. അത് പരമ ബോധമാണ്. അതിനെ അറിയാൻ അതുമായി താദാത്മ്യം പ്രാപിക്കണം. അതിനാൽ അത് മിക്കവർക്കും മിക്കപ്പോഴും അസാദ്ധ്യവുമാണ്. അപ്പോൾ ഒരേ സമയം ബോധ്യമാകുന്ന യാഥാർഥ്യങ്ങൾ പലരിലും പലതായിരിക്കും. വൈരുദ്ധ്യമാർന്ന യാഥാർഥ്യങ്ങൾ ഒരേ സമയം നിലനിൽക്കുന്നു എന്ന് പറയാനുള്ള കാരണവും ഇത് തന്നെ. ശാസ്ത്രം ഒരു സത്യാന്വേഷണമാണെന്നിരിക്കെ ശാസ്ത്ര സത്യങ്ങൾ പൂർണ സത്യങ്ങളല്ല, സത്യത്തിന്റെ ഒരു പരിഛേദം മാത്രമാണ്. ഒന്നാമതായി ശാസ്ത്രം അസ്തിത്ത്വത്തിന്റെ ബഹുമാന തലങ്ങളിൽ ഏതാണ്ട് ഒരു തലമേ (ഭൗതിക) അന്വേഷിക്കുന്നുള്ളു. മറ്റുള്ള തലങ്ങൾ ഭാഗികമായി മാത്രമേ ആ അന്വേഷണങ്ങളിൽ വെളിപ്പെടുന്നുള്ളു. അതിനുള്ള പ്രവിധികൾ ശാസ്ത്രത്തിനില്ല. അവിടെയും സത്യം, ഭാഗികവും ആപേക്ഷികവും ആയ യാഥാർഥ്യം മാത്രം. അപ്പോൾ നാം മനസ്സിലാക്കിയിട്ടുള്ള ആപേക്ഷിക ഭാഗിക സത്യങ്ങളുടെ പേരിൽ തർക്കങ്ങളും അതുപയോഗിച്ചുള്ള പ്രയോഗങ്ങളും അപൂർണ്ണമാണ്.
എന്നിരിക്കെ, നമുക്ക് ചെയ്യാവുന്നതു, അനുഭവ ബോദ്ധ്യങ്ങളാകുന്നവയെ യാഥാർഥ്യങ്ങളായും പ്രചുര ശാസ്ത്രങ്ങൾ തെളിയിച്ചും ഉപയോഗിച്ചും കാണിക്കുന്നവയെ ആപേക്ഷിക സത്യങ്ങളായും കണക്കാക്കാമെന്നതാണ്. സത്യങ്ങൾ നിയമങ്ങളായി നില കൊള്ളുന്നു. മിക്കവാറും എല്ലാ ഭൗതിക നിയമങ്ങളും സോപാധികമാണ്. വ്യത്യസ്ഥ സാഹചര്യങ്ങളിൽ വ്യത്യസ്ഥമായി അനുഭവപ്പെടാം. അതും പ്രപഞ്ച സത്യമാണ്. പക്ഷെ ഒരേ സാഹചര്യത്തിൽ ആ നിയമം അതായിത്തന്നെ വർത്തിക്കും. അതാണ് സത്യം അതാണ് പവിത്രമായ സത്യം. ആപേക്ഷികമാകുന്നത് അസാധാരണ സ്ഥിതികളിൽ മാത്രം. അതിനാൽ അത് പ്രായോഗികമായി പ്രസക്തവുമല്ല.
Leave a Reply
You must be logged in to post a comment.