പുഞ്ചിരിധ്യാനം
പുഞ്ചിരിക്കുന്ന മുഖം ശുഭ ലക്ഷണമാണ്. പുഞ്ചിരിക്കുന്നവരിലും അത് കണ്ടു നില്‍ക്കുന്നവരിലും പുഞ്ചിരി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ശുഭതയുടെയും വെളിച്ചം പകരുന്നു. നമ്മുടെ മുഖത്തിന്‍റെ പുഞ്ചിരി പലപ്പോഴും കണ്ടു നില്‍ക്കുന്നവര്‍ക്ക് പുഞ്ചിരി ആണെന്ന് തോന്നിക്കുകയില്ല. അപരരിലും നമ്മുടെ പുഞ്ചിരി തെളിച്ചം പകരുമ്പോള്‍ ആണ് അത് സമഗ്രമായ ശുഭതയാകുക. അതിനു പാകത്തില്‍ മുഖത്തെയും മനസ്സിനെയും ഉപമനസ്സിനെയും സമന്വയിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി ധ്യാനം.
പുഞ്ചിരി ധ്യാനം ചെയ്യേണ്ടുന്ന വിധം.
- ഒരു കണ്ണാടിയുടെ മുന്നില്‍ നിലയുറപ്പിക്കുക.
- ശരീര ദിശ വടക്കോട്ടെങ്കില്‍ നല്ലത്. നിശബ്ദതയുള്ള ഇടമെങ്കില്‍ വളരെ നല്ലത്. പൂര്‍ണ സ്വകാര്യതയുണ്ടെങ്കില്‍ ഉത്തമം. നിങ്ങള്‍ ദേഹ ശുചീകരണം കഴിഞ്ഞ ഉടനെ ആണ് ചെയ്യുന്നതെങ്കില്‍ അത്യുത്തമം.
- മുഖം ശാന്തഭാവത്തില്‍ വച്ച് കണ്ണാടി നോക്കി ബോദ്ധ്യപ്പെട്ടു കൊണ്ട് കണ്ണടയ്ക്കുക.
- നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുഞ്ചിരിയുടെ ഉടമയായ ഒരാളെ മനസ്സില്‍ ഓര്‍ക്കുക. അയാളെ കണ്ടു നിങ്ങള്‍ സന്തോഷം പൂര്‍വ്വം പുഞ്ചിരിക്കുന്നതായി സങ്കല്പിക്കുക. എത്ര കണ്ടു നിഷ്കളങ്കമായി സ്നേഹവും സന്തോഷവും ശുഭതയും പകരാന്‍ കഴിയുമോ അത്രയും തന്നെ പുഞ്ചിരിക്കുക.
- അങ്ങനെ തന്നെ കണ്ണടച്ച് പിടിച്ചു കൊണ്ട് ആ പുഞ്ചിരി ലോക്ക് ചെയ്യുക. അതായത് അപ്പോഴത്തെ മുഖ ഭാവത്തില്‍ നിന്നും മാറാതെ നില നിര്‍ത്തുക.
- എന്നിട്ട് അപ്പോള്‍ മുഖത്തെ പേശികളുടെ വലിവുകളെയും ഇളവുകളെയും നിരീക്ഷിച്ചു ബോദ്ധ്യപ്പെടുക. അത് മനസ്സില്‍ രേഖപ്പെടുത്തുക.
- ശേഷം നിങ്ങളുടെ ആ പുഞ്ചിരി എങ്ങനെ ആയിരിക്കണം പ്രത്യക്ഷമാകേണ്ടത് എന്ന് സങ്കല്‍പ്പിക്കുക. ആസങ്കല്പത്തെ മനസ്സില്‍ വച്ച് കൊണ്ട് കണ്ണ് തുറന്നു കണ്ണാടിയിലേക്ക് നോക്കുക.
- കണ്ണാടിയില്‍ കാണുന്നത് നിങ്ങളുടെ മനസിലെ സങ്കല്‍പവുമായി എത്ര കണ്ടു നീതി പാലിക്കുന്നു എന്ന് ശ്രദ്ധിക്കുക.
- ഇനി പുഞ്ചിരി ലോക്ക് ഒഴിവാക്കി, നിലവില്‍ മുഖത്തിനുള്ള ഭാവത്തെ പതിയെ മാറ്റി, സങ്കല്പത്തിലെ ഭാവത്തിലേക്ക് കൊണ്ടുവരാനായി പേശികളെ മാറ്റി വിന്യസിക്കുക.
- സങ്കല്പത്തിലെ പുഞ്ചിരിയോളം മുഖമെത്തിയാല്‍ വീണ്ടും ആ പുഞ്ചിരി ലോക്ക് ചെയ്യുക. എന്നിട്ട് കണ്ണടയ്ക്കുക.
- അപ്പോള്‍ മുഖത്തെ പേശികളുടെ വലിവുകളെയും ഇളവുകളെയും നിരീക്ഷിച്ചു ബോദ്ധ്യപ്പെടുക. അത് മനസ്സില്‍ രേഖപ്പെടുത്തുക
- അത് തന്നെയല്ലേ തന്‍റെ സങ്കല്പത്തിലെ പുഞ്ചിരി എന്നറിയാന്‍ ഒരു തവണ കൂടി കണ്ണ് തുറന്നു കണ്ണാടിയില്‍ നോക്കിയതിനു ശേഷം കണ്ണടച്ച് ആ പുഞ്ചിരി അങ്ങനെ തന്നെ തുടരുക.
- *”എന്നിലെ ഓരോ കോശത്തില്‍ നിന്നും ദിവ്യമായ പ്രകാശവും അനുഗ്രഹത്തിന്‍റെ നാദവും പ്രാര്‍ത്ഥയുടെ പരിമളവും സ്നേഹത്തിന്‍റെ സ്പര്‍ശവും മധുരതരമായ രസവും ഈ പുഞ്ചിരിയിലൂടെ ഞാനിതാ ചൊരിയുന്നു”.* എന്ന് 21 തവണ മന്ത്രിക്കുക. മനസ്സില്‍ പ്രിയപ്പെട്ടവരും കണ്ടുമുട്ടുന്നവരും കാണാതെ നില്‍ക്കുന്നവരും ഒക്കെ വന്നു പോകട്ടെ. അവര്‍ക്കെല്ലാം ഈ പുഞ്ചിരി ചൊരിയുക.
- ഇനി പതുക്ക കണ്ണ് തുറന്നു. ചിരിയുടെ സൌരഭ്യം മനസ്സില്‍ പേറി സാധന അവസാനിപ്പിക്കാം.
- ഇത് 21 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യണം. 108 ദിവസങ്ങള്‍ തുടരാനായാല്‍ നല്ലത്.
- ഇനി നമുക്ക് പുറത്ത് ആരെ (മനുഷ്യരോ ജീവികളോ സസ്യങ്ങളോ ഒക്കെ.. ) കാണുമ്പോഴും അവരുടെ കണ്ണില്‍ നോക്കി ഇങ്ങനെ ചെയ്തു തുടങ്ങുക.
Leave a Reply
You must be logged in to post a comment.