ഇക്കോവില്ലേജില്‍ ഞങ്ങള്‍ താമസം തുടങ്ങി..
അങ്ങനെ നീണ്ട 35 വര്‍ഷത്തെ സ്വപ്നത്തിനു ശേഷം, നീണ്ട 27 വര്‍ഷത്തെ കമ്യൂണ്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്കും വീഴ്ചകള്‍ക്കും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കും അനുഭവങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം ഞങ്ങള്‍ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ താമസം തുടങ്ങി.. പാലക്കാട് ജില്ലയില്‍ ആലത്തൂരിനടുത്ത് പാടൂര്‍ പുഴയോരത്താണ് നമ്മുടെ ഈ ശാന്തമായ ഇടം.
ഞങ്ങള്‍ :
വില്ലേജ് എന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് വീടുകളും കുടുംബങ്ങളും ഉണ്ടെന്നൊന്നും കരുതേണ്ടാ.. ഞാനും ഇരുപത്തി മൂന്നു വര്‍ഷങ്ങളായി ഈ സ്വപ്നത്തെ പങ്കിട്ട എന്റെ പ്രിയതമ പൊന്നിയും ഞങ്ങളുടെ മകള്‍ പ്രപഞ്ചയും മകന്‍ പ്രജ്ഞയും പിന്നെ കഴിഞ്ഞ ആറു വര്‍ഷമായി ഞങ്ങളുടെ നിഴലായി കൂടെയുള്ള പ്രസാദും.. ഇടയ്ക്ക് സന്തോഷ് യാക്കരയും ജിഷ്ണുവും അനിലേട്ടനും ശരത്തും ഉണ്ടാകും. ഇപ്പോള്‍ ജിഷ്ണു സുസ്ഥിര ജീവ സന്ദേശവുമായി സൈക്കിളില്‍ ഒരു ഭാരത യാത്രയിലാണ്.

സഹകാരികള്‍ :
അല്പം ദൂരെ ഇരുന്നു കൊണ്ട് ആണെങ്കിലും സദാ സമയവും ഒരുമിച്ചെന്ന ഭാവത്തില്‍ നമ്മുടെ ദേശീയ സംഘാടകന്‍ വര്‍ഗീസ് ഏട്ടനും (ഡല്‍ഹി) അനുരാഗും ശിവദാസും (മൌറീഷ്യസ്) ജയേഷും സജിത്തും അഭിലാഷും പ്രസീദയും നര്‍ഗീസ് റ്റീച്ചറും സുജിത്തും ബീനയും ഫാത്തിമ റ്റീച്ചറും റഹ്മത്തുള്ള ചേട്ടനും നസ്രിനും ഷാജഹാനും (യൂ ഏ ഈ) ജിമ്മി ചേട്ടനും (മുസാംബിക് – ആഫ്രിക്ക) ഹരിയും (ബ്രിട്ടണ്‍) ഒക്കെയൊക്കെ ഫോണിന്റെയും സൂമിന്റെയും അപ്പുറത്തിരുന്നു കൊണ്ട് കൈകള്‍ തരുന്നുമുണ്ട്.

വീട് :
രണ്ടു നാല്‍ക്കാലി മക്കള്‍ രമണനും രമണിയും (കാസര്‍ഗോഡ് കുള്ളന്മാര്‍) കൂടി താമസിക്കുന്ന ഒരു ചെറിയ സിമന്റ് വീടിന്റെ മുകള്‍ത്തട്ടില്‍ ഓലയും മുളയുംകൊണ്ട് തയ്യാറാക്കിയ കാപ്സൂള്‍ വീട്ടിലാണ് ഞങ്ങള്‍ താമസം. അതിന്റെ ഗോവണിക്ക് കീഴെ ഉള്ള പച്ചക്കറിപ്പെട്ടിയില്‍ കുഞ്ഞു നാല്‍ക്കാലി മക്കളായ അമ്മിണിയും കിങ്ങിണിയും (പൂച്ചക്കുട്ടികള്‍) ഉറങ്ങും. ഇപ്പോള്‍ ഈ ഒരു വീടേ ആയിട്ടുള്ളൂ.. ആരെങ്കിലും വരുമ്പോള്‍ താമസിക്കാന്‍ പാകത്തില്‍ മൂന്നു റ്റെന്റുകള്‍ കരുതിയിട്ടുണ്ട്.


അടുക്കള :
പുഴയോരത്ത് മുന്‍ ഉടമകള്‍ പണിത പഴയ ഒരു മോട്ടോര്‍പ്പുര മോഡിഫൈ ചെയ്തു അടുക്കള ആക്കി. ചെറിയ ഒരു അടുപ്പ് കെട്ടി, സഹവാസങ്ങള്‍ക്കും ക്യാമ്പുകള്‍ക്കും പാകത്തില്‍ ഗ്യാസ് സ്ട്ടൌവുകള്‍ കരുതിയിട്ടുണ്ട്. ബയോ ഗ്യാസ് പ്ലാന്റ് ഭാവിയില്‍ ഉണ്ടായി കഴിയുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ സമ്പൂര്‍ണ സ്വാശ്രയത്വം ഉണ്ടാകുകയുള്ളൂ.




ശൌചാലയം :
നേരത്തെ പണിത ഒരു ഒറ്റ ശൌചാലയത്തോടൊപ്പം രണ്ടെണ്ണം കൂടി പണിതു ക്യാമ്പുകള്‍ക്ക് പാകത്തിലാക്കി. ഇപ്പോള്‍ ഒരു യൂറോപ്യന്‍ ക്ലോസറ്റും രണ്ടു ഇന്ത്യന്‍ ക്ലോസറ്റുകളും ഉണ്ട്. ഡ്രൈറ്റോയ്ലറ്റുകള്‍ ഭാവിയില്‍ നിര്‍മിക്കണം. കൂടാതെ ഈ റ്റോയ്ലറ്റുകള്‍ ബയോഗ്യാസ് പ്ലാന്റുമായി ബന്ധിപ്പുകയും വേണം.

പുഴയില്‍ കുളി :
കുളിയൊക്കെ മുറ്റത്തു കൂടി ഒഴുകുന്ന മംഗലംപുഴയില്‍ തന്നെ. ഈയുള്ളവര്‍ വെളുപ്പിനെ ഉണര്‍ന്ന ഉടന്‍ പുഴയില്‍ ചാടി കുളി കഴിഞ്ഞ ശേഷമാന്‍ പ്രഭാത സത്സംഗത്തിന് ക്ലാസെടുക്കാന്‍ ചെല്ലുക. പകലൊക്കെ ഉള്ള പണികളൊക്കെ തീര്‍ത്ത് ഒരു അഞ്ചര മണിയോടെ എല്ലാരും ചേര്‍ന്ന് പുഴയില്‍ ചാടും. നീന്തലും കുട്ടികളോടോപ്പമുള്ള കളികളും ഒക്കെ ആയി ഒരു മണിക്കൂര്‍ പുഴയിലായിരിക്കും. സഹവാസങ്ങള്‍ക്ക് വരുന്ന നീന്തല്‍ അറിയാത്തവര്‍ക്കു വേണ്ടി കുറച്ചു കാര്‍ ട്യൂബുകള്‍ കരുതിയിട്ടുണ്ട്.

കിണര്‍ :
താഴത്തെ നിലത്തു ഒരു ചെറിയ തവലക്കിണര്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. അറ്റവേനലിലും നാല്പതിലധികം സഹവാസികള്‍ക്കു വേണ്ടുന്ന വെള്ളം ഉണ്ടാകണം എന്നത് കൊണ്ട് സാധാരണ വീട്ടു കിണറിന്റെ പത്തിരട്ടി വലിപ്പത്തില്‍ ആണ് തവലക്കിണര്‍ നിര്‍മിക്കുന്നത്.. പണം നല്ലത് പോലെ തിന്നുന്നത് കൊണ്ടായിരിക്കണം, കിണറുപണി എന്ന മഹാമഹം അങ്ങ് തീര്‍ന്നിട്ടില്ല.

വയല്‍ :
രണ്ടര ഏക്കറോളം കൃഷി ഭൂമിയാണ് ഉള്ളത്. വയലില്‍ കുറച്ചു ഭാഗത്ത് മാത്രമാണ് കൃഷി ചെയ്യുന്നത്. ഒരു തവണ കുഞ്ഞുകുഞ്ഞു വിളവെടുത്തു. രണ്ടാം തവണ കുഞ്ഞുകുഞ്ഞു തന്നെ ചിറ്റുണ്ട പാകിയത് ആയി വരുന്നു. ഞങ്ങളെ പോലെ തന്നെ കൂടെ വളരുന്ന കളകളുമൊക്കെയായി കുഞ്ഞുകുഞ്ഞു സമരസപ്പെടുന്നുണ്ട്. പച്ചക്കറികള്‍ ആയി വരുന്നേ ഉള്ളൂ.. അഞ്ചാറു വാഴയും ഒന്ന് രണ്ടു തെങ്ങും ഒക്കെ തലപൊക്കി തുടങ്ങി. ഇടയ്ക്ക് പന്നികളും മയിലുകളും സന്ദര്‍ശിച്ചിട്ടു പോകുന്നുണ്ടെങ്കിലും ഒരു ഹോമിയോ മരുന്നിന്റെ സ്പര്‍ശനം ഉള്ളത് കൊണ്ട് ആരും ബുദ്ധിമുട്ടിക്കുന്നില്ല.

പവര്‍സപ്ലേ :
ഓഫ് ദ ഗ്രിഡ് ആകണം എന്ന നിര്‍ബന്ധം ഉള്ളത് കൊണ്ട്, വര്‍ഗീസേട്ടന്‍ സ്പോണ്‍സര്‍ ചെയ്ത 1.65 KV യുടെ ഒരു ചെറിയ സോളാര്‍ പവര്‍ സ്റ്റേഷനിലാണ് വെളിച്ചവും വെള്ളവും ഒക്കെ ചലിപ്പിക്കുന്നത്. ഓരോ തവണ സംസ്ഥാന തല സത്സംഗവും സഹവാസവും നടന്നപ്പോള്‍ പരിപാടികളില്‍ സൌണ്ട് സിസ്റ്റവും വെളിച്ചവും സ്റ്റോറേജിനുള്ള വെള്ളവും ക്യാമ്പ് ഭക്ഷണത്തിനു അരയ്ക്കലും ഒക്കെ ഈ സൌരോര്‍ജത്ത്തില്‍ നിന്നും മതിയായി. എങ്കിലും കൂടുതല്‍ പേര്‍ വരുന്നതിനു മുമ്പ് ഇതിന്റെ ശേഷി വര്‍ദ്ധിപ്പിക്കണം..

സസ്യബന്ധുക്കള്‍ :
ഒരു വലിയ മഴമരവും കുറച്ചു ശീമക്കൊന്നകളും ഒരു പാലയും അല്ലാതെ മറ്റു മരങ്ങള്‍ പുരയിടത്തില്‍ ഇല്ല. നാം എല്ലാം വച്ചുണ്ടാക്കി വരികയാണ് പ്രാഥമിക നഴ്സറി ഒരുക്കാനുള്ള കമ്പോസ്റ്റ് തയ്യാറാക്കിത്തുടങ്ങി. ഒളിമ്പസ്സിന്റെ വൃക്ഷബന്ധു പദ്ധതി പ്രകാരം സ്വന്തം വീടുകളില്‍ നഴ്സറി തയാറാക്കി വളര്‍ത്തി എടുത്തു പ്രസീദയും സന്തോഷ് യാക്കരയും മറ്റും കൊണ്ട് വന്നെത്തിക്കുന്ന ചെടികളെ അങ്ങിങ്ങായി നാട്ടു നനച്ചു വരുന്നുണ്ട്. പഴയ വെളിച്ചെണ്ണ ബാരലുകളില്‍ തിരിയിട്ടു കൊണ്ടാണ് പ്രസാദ് ജീവാമൃതം ചേര്‍ന്ന ജലസേചനം നടത്തുന്നത്. നഴ്സറി ഒന്ന് വിപുലപ്പെട്ടിട്ടു വേണം വനവല്കരണം തുടങ്ങുവാന്‍.

പ്രോഗ്രാം ഹാള്‍ :
കഴിഞ്ഞ രണ്ടു പ്രോഗ്രാമുകളും വാടകയ്ക്കെടുത്ത പന്തലില്‍ വച്ചായിരുന്നു നടന്നിരുന്നത്. സഹവാസികള്‍ ആബാല വൃദ്ധവും ആ പന്തലില്‍ തന്നെ ആണ് താമസിച്ചത്. എപ്പോഴും ഇങ്ങനെ ഉയര്‍ന്ന വാടകയ്ക്ക് പന്തല്‍ കെട്ടുക എന്നത് പ്രായോഗികമല്ല. ഉടനെ തന്നെ ഒരു പ്രോഗ്രാം ഹാള്‍ പണിയാനുള്ള ആലോചനകളിലും ആസൂത്രണങ്ങളിലും ആണ് പ്രദീപും പ്രസാദും.

ഭക്ഷണം :
രാവിലെ 11:00 മണിയും വൈകീട്ട് 6:00 മണിയും ആണ് ഔദ്യോഗിക ഭക്ഷണ സമയം. ക്യാമ്പുകളില്‍ ഇത് കൃത്യമായി പാലിക്കും. എന്നാല്‍ മറ്റു ദിവസങ്ങളില്‍ ധാരാളം പണികളും ചെയ്യുവാന്‍ പരിമിതമായ അംഗങ്ങളും മാത്രം ആകുമ്പോള്‍ ഈ സമയം നീണ്ടു പോകാറുണ്ട്. എല്ലാവരും ചേര്‍ന്നിരുന്നു അന്ന വിചാരം ചെയ്തിട്ടാണ് പാചകം ചെയ്ത ഭക്ഷണം കഴിക്കുക. പാചകം ചെയ്യാത്ത സ്വാഭാവിക ഭക്ഷണം കഴിക്കുന്നവരും ഇതേ സമയത്ത് തന്നെ ആണ് കൂടുക.



പാത്രം കഴുകല്‍ :
ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ വെള്ളം കുറച്ചേ ചെലവാകാവൂ എന്നത് കൊണ്ട് ഓറോവില്‍ സാധനാ ഫോറസ്റ്റ് രീതിയില്‍ ഒരു വാഷിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. അഞ്ചു പാത്രങ്ങളില്‍ കരുതിയിട്ടുള്ള വെല്ലങ്ങളില്‍ ഓരോരുത്തരും കഴികിയെടുക്കുക എന്നതാണ് രീതി. ക്യാമ്പിന്റെ സമയം അല്ലാത്തപ്പോള്‍ ബാക്കി പാത്രങ്ങളും എല്ലാവരും ചേര്‍ന്നാണ് കഴുകുക.

ജോലികള്‍ :
ആബാല വൃദ്ധം അംഗങ്ങളും ഇവിടെയുള്ള ജോലികള്‍ പങ്കിടുന്നു. അവരവര്‍ക്കു പ്രാവീണ്യം ഉള്ള മേഖലയിലെ ജോലികള്‍ ചെയ്യാന്‍ ഓരോരുത്തരും മുന്‍ കൈ എടുക്കും. സ്ഥിരമായി ചെയ്യുന്ന ജോലികള്‍ അല്ലാത്തവ വോളന്റീര്‍ ചെയ്യുകയാണ് ചെയ്യുന്നത്. തുടക്കം ആയതിനാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ചെയ്യാനുള്ള ജോലികള്‍ നിരവധി ആണ്. പകല്‍ സമയത്ത് വെയില്‍ മൂക്കുമ്പോള്‍ പുറം പണികളില്‍ നിന്നും പിന്‍ വാങ്ങുക എന്നതാണ് രീതി.



സാധനകള്‍ :
എല്ലാ ദിവസവും ഉള്ള ഇക്കോ സ്പിരിച്വല്‍ സാധകല്‍ക്കായി ഉള്ള ചയോഗ സാധനകള്‍ വഴിയാണ് നമ്മുടെ ദിവസങ്ങള്‍ തുടങ്ങുന്നത്. വൈകുന്നേരം ഒരു സാധനാ സമയം ഉണ്ടെങ്കിലും പണികളും ഒരുക്കങ്ങളും കൊണ്ട് അത് ക്രമമാകുന്നതേ ഉള്ളൂ. ഇത് കൂടാതെ വ്യക്തിഗത സാധനകള്‍ / ധ്യാനങ്ങള്‍/ പ്രാര്‍ഥനകള്‍ / നമസ്കാരങ്ങള്‍ എന്നിവ ചെയ്യുന്ന അംഗങ്ങള്‍ക്ക് അതിനുള്ള സമയവും സൌകര്യവും ഇവിടെ നല്‍കുന്നുണ്ട്.

പഠനം :
ഇവിടുത്തെ ജീവിതത്തിലെ മുഴുവന്‍ സമയവും പഠനം നടക്കുന്നുണ്ട്. ഇതല്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠനം വേണ്ടപ്പോള്‍ പ്രത്യേക സമയം അതിനായി മാറ്റി വയ്ക്കപ്പെടുന്നുണ്ട്. അത് ക്രമത്തിലാകുന്നതേ ഉള്ളൂ. പ്രഭാത സത്സംഗത്തിലെ സുഭാഷിതം എല്ലാ ദിവസങ്ങളിലും ഉള്ള ഒരു പഠന പരിപാടി ആണ്. സായാഹ്ന പാഠങ്ങള്‍ അധികം വൈകാതെ ആരംഭിക്കും എന്ന് കരുതുന്നു.

കുട്ടികളുടെ ഗ്രീന്‍ സ്കൂള്‍ :
നിലവില്‍ വയലിലും വരമ്പിലും പറമ്പിലും പുഴയിലും അടുക്കളയിലും ഉള്ള പഠനം ആണ് നാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളെ പറ്റിയും അവര്‍ ഇവിടുത്തെ ജീവിതത്തില്‍ നിന്നും അറിയുകയും അനുഭവിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം പൊതു വിദ്യാഭാസത്തിന്റെ കരിക്കുലവും അവരെ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രീന്‍ പാരന്റിംഗിനായി കുഞ്ഞുങ്ങളെയും കൊണ്ടു വന്നെത്തുന്നവര്‍ക്ക് വേണ്ടി പാഠ പുസ്തക സെഷനുകള്‍ നാം ഒരുക്കി തുടങ്ങിയിട്ടില്ല. ഉടനെ അതിനുള്ള നടപടികള്‍ ആരംഭിക്കുവാനുള്ള ചര്‍ച്ചകളില്‍ ആണ്.

കുട്ടികളുടെ ഭൂമി :
ഗ്രീന്‍ സ്കൂളിന്റെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം ആയി ആണ് നാം കുട്ടികളുടെഭൂമി എന്നാ പ്രതിവാര സൂം അവതരണ സംഘടിപ്പിക്കുന്നത്. മൂല്യങ്ങളെ ആധാരമാക്കിയുള്ള ഓരോരോ വിഷയങ്ങളില്‍ നമ്മുടെ അംഗങ്ങളുടെ മക്കളെ കൊണ്ട് അവതരിപ്പിച്ചു പരിശീലിപ്പിക്കുക എന്ന പരിപാടിയാണ് ഇത്. കഴിഞ്ഞ ഓര്‍ വര്‍ഷമായി ഈ പരിപാടി വിജയകരമായി മുന്നോട്ടു പോകുന്നു.
സന്ദര്‍ശനം :
മേയുന്ന പശുവിനെ നക്കുന്ന പശു കേടു വരുത്തും എന്ന് ഒരു ചൊല്ലുണ്ട്. ഇവിടം ഒരു വിനോദ വിശ്രമ കേന്ദ്രമല്ല എന്നതിനാല്‍ ജോലികളില്‍ പങ്കെടുക്കാന്‍ വരുന്നവരെ അല്ലാതെ സാധാരണ സന്ദര്‍ശകരെ നാം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നതാണ് പോളിസി. സന്ദര്‍ശകര്‍ പലപ്പോഴും സ്തുതി പാഠകരോ സെല്ഫി ഉദ്ദേശ്യം ഉള്ളവരോ ആകുമ്പോള്‍ നമ്മുടെ ജോലികള്‍ ചെയ്യുവാനുള്ള സമയത്തെ നന്നേ അപഹരിക്കും. പ്രതിമാസ സത്സംഗത്തിനും സഹവാസങ്ങള്‍ക്കും അല്ലാതെ നാം സന്ദര്‍ശകരെ സ്വീകരിക്കാറില്ല.

വോളന്റീറിംഗ്:
നമ്മുടെ ഓണ്‍ ലൈന്‍ സെഷനുകളില്‍ പങ്കെടുക്കുകയും നമ്മോടു നിരന്തരം ആശയ വിനിമയം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്‍മെന്റ്റ് വാങ്ങി ഒരു നാള്‍ വോലന്റീര്‍ ചെയ്യുവാനായി രാവിലെ വന്നു ചേര്‍ന്ന് വൈകുന്നേരം വരെ ജോലികളില്‍ പങ്കെടുക്കാം. വോലന്റീര്‍ ചെയ്യുന്നവര്‍ അതതു കാലത്തെ മെയിന്‍ന്റനന്സ് ഫീസ് നല്‍കുക എന്നതാണ് സാധാരണ രീതി. ഇങ്ങനെ ദീര്‍ഘ കാല വോളന്റീറിംഗ് എന്നത് ഗ്രാമത്തിലെ അംഗത്വത്തിനുള്ള പ്രാഥമിക യോഗ്യതയായി പരിഗണിക്കും. .

കോഴ്സുകള്‍ :
ഓണ്‍ലൈനായി നാം നടത്തി വരുന്ന വിജയ ജീവിത പരിശീലനങ്ങളും പ്രകൃതി സാധനാ കോഴ്സുകളും ഇനി മുതല്‍ ഇവിടെയും വാരാന്ത്യ റിട്രീറ്റ് ആയി നടത്താം എന്ന് കരുതുന്നു. അതിനായുള്ള തയാറെടുപ്പുകള്‍ നടന്നു വരുന്നു.

സഹവാസങ്ങളും സത്സംഗങ്ങളും
നാം ഇവിടെ താമസം തുടങ്ങിയതിനു ശേഷം ഒറ്റ നമ്പര്‍ മാസങ്ങളില്‍ രണ്ടാം ശനിയുടെ തലേ ദിവസം ആരംഭിക്കുന്ന ത്രിദിന സഹവാസങ്ങളും ഇരട്ട നമ്പര്‍ മാസങ്ങളില്‍ രണ്ടാം ശനിയുടെ പിറ്റേന്ന് ഏക ദിന സത്സംഗങ്ങളും നടത്തി വരുന്നു. ഇവിടെയുള്ള പരിമിതമായ സൌകര്യങ്ങളില്‍ റ്റെന്റുകളില്‍ താമസിച്ചു കൊണ്ട് പഠനത്തിനും പരിശീലനത്തിനും പങ്കെടുക്കാന്‍ തയ്യാരുള്ളവര്‍ക്ക് പ്രസ്തുത പരിപാടികളില്‍ പങ്കെടുക്കാം.
വിനോദ വിശ്രമങ്ങള്‍ :
ഇവിടം ഒരു വിനോദ വിശ്രമ കേന്ദ്രമല്ല. ജോലികള്‍ എടുത്തു ക്ഷീണിച്ച ഏവരും ഒത്തു കൂടുന്ന ഉച്ച സമയം വിനോദ വിശ്രമങ്ങള്‍ക്ക് ഉപയോഗിക്കും. പൊതു സമയങ്ങളില്‍ ക്ഷീണിച്ചവര്‍ക്കും രോഗിതരായവര്‍ക്കും വിശ്രമിക്കാം.ഒരു ഇന്റന്‍ഷനല്‍ കമ്യൂണിറ്റി ആയതിനാല്‍ ഇവിടെ വിനോദ വിശ്രമത്തിന് മാത്രമായി സമയം ഉണ്ടാകില്ല. അങ്ങനെ ഒരു ലക്ഷ്യത്തോടെ വന്നെത്തുന്നവരെ പ്രവേശിപ്പിക്കാന്‍ കഴിയുകയും ഇല്ല.

ഇനി പലതും ഒരുങ്ങാനുണ്ട്:
എല്ലാം എപ്പോഴും ഒരുക്കി ഒരുക്കിയാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. പ്രവര്‍ത്തനങ്ങളില്‍ കൈ കൊര്‍ക്കാനുള്ളവര്‍ വരിക. ഫോട്ടോ എടുക്കുക മാത്രം ലക്ഷ്യമുള്ളവര്‍ ഞങ്ങളുടെ സമയത്തെ പാഴാകാതിരിക്കാനായി ഇവിടം വരെ വരാതെ സഹായിക്കുക. ഇവിടുത്തെ ജോലികളില്‍ പങ്കെടുക്കാന്‍ സമയമില്ലാതെ വരുന്നവര്‍ക്ക് നിരുപാധികമായി സംഭാവനകള്‍ ചെയ് കൊണ്ടോ നമ്മുടെ നിര്‍മിതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓരോരോ ഗാഡ്ജറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തു കൊണ്ടോ സഹകരിക്കാം.
നിങ്ങള്‍ക്കും കൈ കോര്‍ക്കാം
വരിക,
ജോലികള്‍ ചെയ്യുവാന്‍,
കൈകള്‍ കോര്‍ക്കുവാന്‍..
വിളിക്കുക.
9497628007
സ്വാഗതം !!!!
Leave a Reply
You must be logged in to post a comment.